കളി ജയിക്കാൻ കാമറൂൺ താരത്തിന്റെ അറ്റകൈ, ഉഗാണ്ടയ്ക്കെതിരായ മത്സരത്തിൽ മങ്കദിംഗിലൂടെ വീഴ്ത്തിയത് നാലു വിക്കറ്റുകൾ, എന്നിട്ടും എട്ടുനിലയിൽ തോറ്റു

Tuesday 14 September 2021 1:32 PM IST

ബോട്ട്സ്‌വാന: ക്രിക്കറ്റിൽ മങ്കദിംഗ് രീതിയിലൂടെ ബാറ്റ്സ്മാനെ പുറത്താക്കുന്നത് മാന്യതയ്ക്ക് നിരക്കാത്തതെന്നാണ് പൊതുവെയുള്ള നിരീക്ഷണം. എന്നാൽ ഇത്തരം രീതിയിലൂടെ വിക്കറ്റ് സ്വന്തമാക്കുന്നതിനെ അനുകൂലിക്കുന്നവരും ഉണ്ട്. ഇന്ത്യയുടെ മുൻനിര ഓഫ് സ്പിന്നർ ആർ അശ്വിൻ ഇത്തരത്തിൽ വിക്കറ്റെടുത്ത് നിരവധി വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുള്ള വ്യക്തിയാണ്.

ഐ സി സി യുടെ വനിതാ ടി ട്വന്റി ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിനിടയ്ക്ക് ഉഗാണ്ടയുടെ നാല് മുൻനിര താരങ്ങളെ മങ്കദിംഗ് രീതിയിലൂടെ പുറത്താക്കി വിവാദം വിളിച്ചു വരുത്തിയിരിക്കുകയാണ് കാമറൂൺ ബൗളർ മെയ്‌വ് ദൗമ. മത്സരത്തിൽ ഉഗാണ്ടയുടെ ഇന്നിംഗ്സിൽ വീണ ആറു വിക്കറ്റുകളിൽ നാലും മങ്കദിംഗ് രീതിയിലൂടെയാണ് ദൗമ നേടിയത്.

ബോട്ട്സ്‌വാനയിൽ വച്ച് നടന്ന മത്സരത്തിൽ കെവിൻ അവിനോ, റീത്ത മുസമാലി, ഇമ്മാക്കുലേറ്റ് നക്കിസുയി, ജാനറ്റ് എംബാബസി എന്നവരാണ് മങ്കദിംഗ് രീതിയിലൂടെ പുറത്തായത്. നാലു പേരെ മങ്കദിംഗ് വഴി പുറത്താക്കിയിട്ടും നിശ്ചിത 20 ഓവറിൽ ഉഗാണ്ട ആറ് വിക്കറ്റ് നഷ്ടത്തിൽ 190 റൺ നേടി. മറുപടി ബാറ്റിംഗിൽ കാമറൂൺ താരങ്ങൾ 14.3 ഓവറിൽ വെറും 35 റണ്ണിന് പുറത്തായി 155 റണ്ണിന്റെ പരാജയം ഏറ്റുവാങ്ങി.

Advertisement
Advertisement