മാരത്തണിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ലൈൻ കടന്നയാൾക്ക് കിട്ടിയത് രണ്ടാം സമ്മാനം, ട്രാക്കിന്റെ നീളം കുറച്ചു കൂടിയപ്പോൾ മത്സരഫലം മാറിമറിഞ്ഞു

Tuesday 14 September 2021 3:05 PM IST

ലണ്ടൻ: ഇംഗ്ളണ്ടിൽ നടന്ന മാരത്തൺ മത്സരത്തിൽ ദൂരം അളക്കുന്നതിൽ സംഘാടകർക്കു സംഭവിച്ച ചെറിയൊരു കൈപിഴ കാരണം മത്സരഫലം മാറിമറിഞ്ഞു. 26.2 മൈൽ ദൂരമായിരുന്നു മാരത്തണിന് നിശ്ചിച്ചിരുന്ന ദൂരം. എന്നാൽ സംഘാടകർ ദൂരം അളന്നതിൽ വന്ന പിഴവ് കാരണം 568 മീറ്റർ ദൂരം കൂടുതലായി ട്രാക്കിന്റെ ഭാഗമായി ഉൾപെടുത്തി. സാധാരണ ഗതിയിൽ ഇതു വലിയ ദൂരമല്ലെങ്കിലും ഇവിടെ സംഭവിച്ചത് മറിച്ചാണ്. 2 മണിക്കൂർ 33 മിനിട്ട് 44 സെക്കൻഡിൽ നീൽ മക്‌ക്ലെമന്റ്സ് എന്ന വ്യക്തിയാണ് മാരത്തണിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്. മക്‌ക്ലെമെന്റ്സിനേക്കാളും 17 സെക്കൻഡ് പിന്നിലായി ഫിനിഷ് ചെയ്ത ഒലീ ഗരോദിനാണ് രണ്ടാം സ്ഥാനം. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് രണ്ടാമത് ഫിനിഷ് ചെയ്ത ഗറോദിന് അധികൃതർ ഒന്നാം സ്ഥാനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.

ട്രാക്കിന്റെ ദൂരകൂടുതലാണ് ഇവിടെ വില്ലനായി വന്നത്. മത്സരത്തിൽ ഉടനീളം ഗരോദിന്റെ പിന്നിലായിരുന്ന മക്‌ക്ളെമെന്റ്സ് അവസാന 200 മീറ്രറിലാണ് ഗറോദിനെ മറികടക്കുന്നത്. എന്നാൽ നിശ്ചയിച്ചിരുന്ന ഫിനിഷിംഗ് പോയിന്രിൽ നിന്നും 568 മീറ്റർ മുമ്പായി മത്സരം അവസാനിച്ചതിനാൽ ഗരോദിന് ഒന്നാം സ്ഥാനം നൽകാനാണ് സംഘാടകരുടെ തീരുമാനം. മക്‌ക്ലെമെന്റ്സ് ഗരോദിനെ മറികടക്കുന്നത് യഥാർത്ഥ ഫിനിഷ് ലൈൻ കഴിഞ്ഞായിരുന്നുവെന്നാണ് സംഘാടകരുടെ വാദം. മക്‌ക്ലെമെന്റ്സ് മാത്രമല്ല, മത്സരത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും യഥാർത്ഥ ഫിനിഷ് ലൈൻ കഴിഞ്ഞാണ് തന്റെ മുന്നിലുള്ളവരെ മറികടന്നിരിക്കുന്നത്.

മത്സരം തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ സംഘാടകർ തങ്ങളുടെ പിഴവ് തിരിച്ചറിഞ്ഞുവെങ്കിലും അപ്പോഴേക്കും വളരെ വൈകിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാവരുടേയും മത്സരഫലങ്ങൾ യഥാർത്ഥ ഫിനിഷ് ലൈൻ അനുസരിച്ച് പുനക്രമീകരിക്കുമെന്നും മത്സരാർത്ഥകളോട് തങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും സംഘാടകർ അറിയിച്ചു.