ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല ഞാൻ; നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്
തിരുവനന്തപുരം: നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് ആവശ്യപ്പെട്ടാൽ അദ്ദേഹത്തിനു വേണ്ട പിന്തുണ നൽകുമെന്ന് ബി ജെ പി നേതാവ് സുരേഷ് ഗോപി. അങ്ങോട്ട് ഓടിച്ചെന്ന് ഒരു മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ തന്നെ പെടുത്തരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ജിഹാദ് വിഷയത്തിൽ പ്രതികരണം തേടിയ മാദ്ധ്യമങ്ങളോടാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്.
"ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും തന്നോട് പറയാം. അത് ആരുടെ മുന്നിലാണോ എത്തിക്കേണ്ടത് അവിടെ ആ പരാതി ഉറപ്പായും എത്തിക്കും. അത് തന്റെ ജോലിയാണന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ രാജ്യത്ത് നടക്കുന്ന എല്ലാ വിഷയങ്ങളും പ്രധാനമന്ത്രിയുടെ മുന്നിൽ എത്തുന്നുണ്ട്. ഒരു പേര തൈ മാത്രമല്ല അവിടെ എത്തുന്നത്. കാശ്മീർ മുതൽ കർഷക നിയമം വരെയുള്ള എല്ലാ പ്രശ്നങ്ങളും അവിടെ എത്തുന്നുണ്ടെന്നും അതിനു വേണ്ട നടപടികൾ എടുക്കുന്നുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു.
ബിഷപ്പ് വഴിയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ എത്തുന്നതെങ്കിൽ അതും പരിഗണിക്കും. എന്നാൽ അതിനു വേണ്ടി താൻ ആരുടേയും അടുത്ത് പോകില്ല. അവർ ആവശ്യപ്പെടണം. അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല താൻ. പറയാനുള്ളവർ പറയട്ടെ. അവരുടെ ഭൂരിപക്ഷം കൂടുമ്പോൾ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.