ഷാപ്പുകളിൽ കള്ളുവിൽപ്പന കുറഞ്ഞു: തൊഴിലാളികൾ പ്രതിസന്ധിയിൽ

Wednesday 15 September 2021 12:00 AM IST

ചിറ്റൂർ: ചിറ്റൂർ മേഖലയിലെ കള്ളുഷാപ്പുകളിൽ കള്ള് വിൽപ്പന കുത്തനെ കുറഞ്ഞതോടെ രണ്ടായിരത്തോളം വരുന്ന തൊഴിലാളികൾ പ്രതിസന്ധിയിൽ. വിൽപ്പന കുറഞ്ഞതോടെ തൊഴിലാളികൾക്ക് ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയിലാണ്. വിവിധ ജില്ലകളിലേക്ക് നൽകിയ കള്ള് കടത്ത് പെർമിറ്റുകളുടെ മറവിൽ അനധികൃത വിൽപ്പന വ്യാപകമായതാണ് ഇതിനു കാരണം. കൂടാതെ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കുറഞ്ഞ നിരക്കിലുള്ള വിദേശമദ്യം കൊണ്ടുവന്ന് ധാരാളമായി വിറ്റഴിക്കുന്നതായ ആരോപണവും ശക്തമാണ്.

വേലന്താവളം മുതൽ മീനാക്ഷിപുരം വരെയുള്ള ചെക്ക് പോസ്റ്റുകൾ വഴിയും ഊടുവഴികളിലൂടെയുമാണ് വ്യാജ വിദേശമദ്യം ഒഴുകുന്നത്. ഇതുമൂലം മിക്ക കള്ളുഷാപ്പുകളിലും പത്തു മുതൽ 15 ലിറ്റർ കള്ളാണ് വിൽക്കുന്നതെന്ന് ലൈസൻസികളും തൊഴിലാളി സംഘടനാ നേതാക്കളും പറയുന്നു. ഇന്റർഡിവിഷൻ പെർമിറ്റുകളും ജില്ലയ്ക്ക് അകത്തുള്ള മറ്റു റേഞ്ചുകളിലേക്കുള്ള പെർമിറ്റുകളും പരിശോധന ഇല്ലാതെ നൽകി വരുന്നതും അനധികൃത വിൽപനയ്ക്ക് വഴിയൊരുക്കുന്നു.

വൃക്ഷക്കരം അടയ്ക്കുന്നത് പല വില്ലേജ് പരിധികളിലായിട്ടാണ്. ഇത്തരത്തിൽ പെർമിറ്റ് നേടിയാൽ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് മാത്രം കള്ളെടുക്കുകയും ബാക്കിയുള്ള തോപ്പുകളിൽ കള്ള് കെട്ടിക്കിടക്കുന്നതിനാൽ വ്യാജ വിൽപ്പന വർദ്ധിക്കുകയുമാണ്. ഒരു പെർമിറ്റ് പാഹനം ഏത് തോപ്പിൽ നിന്നും കള്ള് കയറ്റാം എന്നതാണ് അവസ്ഥ. തമിഴ്നാട്ടിലെ ചെത്ത് തൊഴിലാളികൾക്ക് ചില പെർമിറ്റുകാർ വൃക്ഷക്കരം അടച്ചു കൊടുക്കും. ഇവർ ഇതിന്റെ മറവിൽ കലക്കുകള്ള് നിർമ്മിച്ചു നൽകുന്നതായും പരാതികളുണ്ട്.

  • പെർമിറ്റുകൾ നൽകുമ്പോൾ കർശന പരിശോധന വേണം

ഇടനിലക്കാരാണ് പെർമിറ്റുകൾ നിയന്ത്രിക്കുന്നത്. അതിനാൽ ഈ വർഷത്തെ രണ്ടാംഘട്ട പെർമിറ്റുകൾ നൽകുമ്പോൾ കർശന പരിശോധന വേണമെന്ന് യൂണിയൻ പ്രതിനിധികളും ലൈസൻസി അസോസിയേഷൻ പ്രതിനിധികളും ആവശ്യപ്പെട്ടു. ഒക്ടോബർ ഒന്നു മുതൽ നൽകുന്ന പെർമിറ്റിൽ ചെത്തുന്ന വൃക്ഷങ്ങൾക്ക് മാത്രമേ വൃക്ഷക്കരം അടയ്ക്കാവൂ.

കൃത്യമായ കള്ള് കൊണ്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും വ്യാജ കള്ള് നിർമ്മാണം തടയാൻ പെർമിറ്റ് പരിശോധനകൾ ശക്തമാക്കുകയും വേണം. വൃക്ഷക്കരം ഒടുക്കിയ തെങ്ങുകളുടെ വിവരങ്ങൾ പ്രസ്തുത തോപ്പുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കള്ള് ഷാപ്പ് ലൈസൻസിക്കും സംയുക്ത ട്രേഡ് യൂണിയനും ലഭ്യമാക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.

തകരുന്ന പരമ്പരാഗതമായ കള്ള് വ്യവസായം സംരക്ഷിക്കുന്നതിനു പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനാ നേതാക്കൾ എക്‌സൈസ് അധികൃതർക്ക് നിവേദനം നൽകി.

Advertisement
Advertisement