കൈവശാവകാശത്തിൽ കൈപൊള്ളുന്നു

Wednesday 15 September 2021 12:14 AM IST

കാഞ്ഞങ്ങാട്: പതിച്ചുനൽകിയ ഭൂമിയുടെ കൈവശാവകാശ സാക്ഷ്യപത്രം നൽകുമ്പോൾ നേരത്തെ ഭൂമി പതിച്ചുനൽകിയത് എന്ത് ആവശ്യത്തിനാണെന്ന് രേഖപ്പെടുത്തണമെന്ന നിബന്ധന വില്ലേജ് ഓഫീസർമാർക്ക് ഊരാക്കുടുക്കാകുന്നു. ഇക്കാര്യത്തിൽ മുഴുവൻ ഉത്തരവാദിത്തവും വില്ലേജ് ഓഫീസർമാരുടെ ചുമലിലേക്ക് മാറ്റി മേലുദ്യോഗസ്ഥർ കൈകഴുകുന്നുവെന്നാണ് പരാതി
ഭൂമി പതിച്ചുനൽകുന്നതും അതുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യുന്നതും താലൂക്ക് ഓഫീസുകളിലാണ്. വർഷങ്ങൾക്ക് മുമ്പ് പതിച്ചുനൽകിയ പട്ടയങ്ങളിൽ ഭൂമി പതിച്ചു നൽകിയത് എന്തിനാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുമില്ല. വർഷങ്ങൾക്ക് മുമ്പ് പതിച്ചുകിട്ടിയ ഭൂമി പലരും മൊത്തമായും ഭാഗിച്ചും കൈമാറിയിട്ടുമുണ്ടാകും. ഭൂമി വിലയ്ക്ക് വാങ്ങിയവരുടെ കൈയിൽ നിലവിലുള്ള ആധാരങ്ങളല്ലാതെ പട്ടയങ്ങൾ ഉണ്ടാകാനും സാദ്ധ്യതയില്ല.
കെട്ടിട നിർമ്മാണ പെർമിറ്റിനായുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന കൈവശാവകാശ സാക്ഷ്യപത്രങ്ങൾ പതിച്ചുനൽകിയ ആവശ്യം രേഖപ്പെടുത്താത്തതിനാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ തിരിച്ചയയ്ക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നം രൂക്ഷമായത്. പൊതുജനങ്ങളും വില്ലേജ് ജീവനക്കാരും തമ്മിൽ മിക്കയിടത്തും തർക്കത്തിന് കാരണമായിട്ടുണ്ട്.

ഓൺലൈനായതും കുരുക്ക്
സംസ്ഥാനത്താകെ സാക്ഷ്യപത്രങ്ങൾ ഓൺലൈനായാണ് നൽകുന്നത്. ഓൺലൈൻ സാക്ഷ്യപത്രത്തിൽ പുതിയ വിവരം ചേർക്കാൻ സാധിക്കില്ലെന്നും വില്ലേജ് ഓഫീസർമാർ ചൂണ്ടിക്കാട്ടുന്നു. അതുമാത്രമല്ല, പട്ടയത്തിൽ പതിവ് ആവശ്യം രേഖപ്പെടുത്താത്ത കേസുകളിൽ ബന്ധപ്പെട്ട ഫയൽ പരിശോധിച്ച് നൽകണമെന്നാണ് മേലധികാരികളുടെ നിർദ്ദേശം. എന്നാൽ അങ്ങനെ ഓരോ സാക്ഷ്യപത്രം നൽകുന്നതിന് താലൂക്ക് ഓഫീസുകളിലെത്തി ഫയൽ പരിശോധിക്കുന്നത് പരിമിതമായ ജീവനക്കാരുമായി പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസുകളെ സംബന്ധിച്ച് അപ്രായോഗികവുമാണ്.

കൈവശാവകാശ സർട്ടിഫിക്കറ്റ്
ഭവന നിർമ്മാണത്തിനായി സബ്സിഡിയും വായ്പയും നേടുന്നതിനായി സംസ്ഥാന സർക്കാർ പൗരന് നൽകുന്ന ഒരു ഔദ്യോഗിക പ്രസ്താവനയാണ് കൈവശാവകാശ സർട്ടിഫിക്കറ്റ്.


ആവശ്യമുള്ള രേഖകൾ
ആധാർ കാർഡ് (പകർപ്പ്)
ഭൂനികുതി (പകർപ്പ്)
സ്വത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ തെളിവ് (പകർപ്പ്)
എൻക്യുമ്പറൻസ് സർട്ടിഫിക്കറ്റ് (സംശയാസ്പദമായ സ്വത്ത് ഏതെങ്കിലും പണ, നിയമപരമായ ബാധ്യതകളിൽ നിന്ന് മുക്തമാണെന്നതിന്റെ തെളിവ്)
വോട്ടർമാരുടെ ഐഡി (പകർപ്പ്)

Advertisement
Advertisement