പിച്ചുകളെ പ്രകന്പനം കൊളളിക്കാൻ ഇനി ആ യോര്‍ക്കറുകള്‍ ഇല്ല, അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ലസിത് മലിംഗ

Tuesday 14 September 2021 7:26 PM IST

കൊളംബോ: ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിം​ഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിൽ നിന്നും ഏകദിനത്തിൽ നിന്നും നേരത്തെ വിരമിച്ച മലിം​ഗ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ സജീവമായിരുന്നു. ടി20 ലോകകപ്പ് അടുത്തിരിക്കെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച താരം വരും വർഷങ്ങളിൽ യുവ താരങ്ങൾക്ക് തന്റെ അനുഭവ സമ്പത്ത് പകർന്നുനൽകാൻ കാത്തിരിക്കുന്നതായും ട്വിറ്ററിൽ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2011ലും ഏകദിന ക്രിക്കറ്റില്‍ നിന്ന് 2019ലും വിരമിക്കല്‍ പ്രഖ്യാപിച്ച മലിംഗ ശ്രീലങ്കക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 546 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ശ്രീലങ്കയ്ക്കുവേണ്ടി 226 ഏകദിനങ്ങളും 84 ടി20 ഇന്റർനാഷണലുകളും 30 ടെസ്റ്റുകളും മലിംഗ കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ അദ്ദേഹം 101 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഏകദിനത്തിൽ 338 വിക്കറ്റും ടി20 യിൽ 107 വിക്കറ്റും നേടി. യോർക്കറുകൾ എറിയാനുള്ള കഴിവിന് പേരുകേട്ട മലിംഗ, 2011 ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്ക കടന്നതിൽ നിർണായക പങ്ക് വഹിച്ചു. തുടർന്ന് 2014 ടി20 ലോകകപ്പ് ട്രോഫിയിലേക്കും ശ്രീലങ്കയെ നയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐപിഎൽ) മലിംഗ തന്റെ കരുത്തറിയിച്ചിട്ടുണ്ട്. മുംബയ് ഇന്ത്യൻസിനായി അദ്ദേഹം 122 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.