ജനത്തിനുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യ പമ്പ് ഇന്ന് കിഴക്കേകോട്ടയിൽ തുറക്കും

Wednesday 15 September 2021 12:00 AM IST

തിരുവനന്തപുരം: ജനങ്ങൾക്കു കൂടി ഉപയോഗിക്കാവുന്ന കെ.എസ്.ആർ.ടി.സിയുടെ ആദ്യ പെട്രോൾ പമ്പ് ഇന്ന് കിഴക്കേകോട്ടയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. 'കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്" എന്ന പദ്ധതിയുടെ ആദ്യ വില്പന മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

മന്ത്രി ജി.ആർ. അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ 75 ഇന്ധന ചില്ലറ വില്പനശാലകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ എട്ട് പമ്പുകളാണ് തുറക്കുന്നത്. 16ന് വൈകിട്ട് അഞ്ചിന് കോഴിക്കോട്ട് മന്ത്രി മുഹമ്മദ് റിയാസ്, ചേർത്തലയിൽ മന്ത്രി പി. പ്രസാദ്, 17ന് വൈകിട്ട് അഞ്ചിന് ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30ന് മൂന്നാറിൽ മന്ത്രി റോഷി അഗസ്റ്റിൻ, രാവിലെ ഒമ്പതിന് മൂവാറ്റുപുഴയിൽ മന്ത്രി പി. രാജീവ്, വൈകിട്ട് നാലിന്ചാലക്കുടിയിൽ മന്ത്രി ആർ. ബിന്ദു, വൈകിട്ട് അഞ്ചിന് കിളിമാനൂരിൽ മന്ത്രി വി. ശിവൻകുട്ടി എന്നിവരും പമ്പുകൾ ഉദ്ഘാടനം ചെയ്യും.

പൊതുമേഖലാ എണ്ണക്കമ്പനികൾ മുഖാന്തരമാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടക്കത്തിൽ പെട്രോളും ഡീസലും ലഭിക്കും. ക്രമേണ ഹരിത ഇന്ധനങ്ങളായ എൽ.എൻ.ജി, സി.എൻ.ജി, ഇലക്ട്രിക വാഹനങ്ങളുടെ ചാർജിംഗ് സെന്റർ, അഞ്ച് കിലോയുള്ള എൽ.പി.ജി സിലിണ്ടറായ ചോട്ടു തുടങ്ങിയവയും ഇവിടെ നിന്ന് ലഭിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എൻജിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും. 200 രൂപയ്‌ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരു-മുചക്ര വാഹന ഉടമകൾക്കും, 500ന് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കുമായി നറുക്കെടുപ്പ് നടത്തും. വിജയികൾക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങൾ ലഭിക്കാനും അവസരമുണ്ട്.

Advertisement
Advertisement