റിസബാവയ്ക്ക് ഔദ്യോഗിക ബഹുമതിയോടെ കബറടക്കം

Wednesday 15 September 2021 12:30 AM IST

​​​​​

കൊച്ചി: കഴിഞ്ഞ ദിവസം നിര്യാതനായ നടൻ റിസബാവ (60)യുടെ കബറടക്കം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം അടുത്ത ബന്ധുക്കളെ കാണിച്ച ശേഷം ഇന്നലെ രാവിലെ എട്ടോടെയായിരുന്നു കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ചടങ്ങ്. റിസബാവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊതുദർശനം ഒഴിവാക്കിയിരുന്നു. സിനിമ - സാംസ്‌കാരിക മേഖലകളിലെ സഹപ്രവർത്തകർക്ക് അന്തിമോപചാരമർപ്പിക്കാൻ മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലുള്ള ഷാദിമ മഹല്ലിൽ പൊതുദർശനത്തിന് തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും കൊവിഡ് ഫലം പോസിറ്റീവായതോടെ ആശുപത്രിയിൽ നിന്ന് ഖബർസ്ഥാനിലേക്ക് മൃതദേഹം നേരിട്ടെത്തിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ജാഫർ മാലിക് അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ എന്നിവരും മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരും അനുശോചിച്ചു.