ശക്തൻ മാർക്കറ്റ് വികസനത്തിനായി ഒരു കോടി നൽകാം; സുരേഷ് ഗോപി മേയറെ സന്ദർശിച്ചു

Wednesday 15 September 2021 10:10 AM IST

തൃശൂർ: സുരേഷ് ഗോപി എം പി തൃശൂർ മേയർ എം കെ വർഗീസിനെ സന്ദർശിച്ചു. ശക്തൻ മാർക്കറ്റ് വികസനവുമായി ബന്ധപ്പെട്ടാണ് സന്ദർശനം. വിശാലമായ മാസ്റ്റർപ്ലാനാണ് ശക്തൻ മാർക്കറ്റിന്റെ കാര്യത്തിൽ മനസിലുള്ളതെന്നും, നവംബർ 15ന് മുൻപ് ഒരു രൂപരേഖ തരാമെന്നും മേയർ സുരേഷ് ഗോപിയോട് പറഞ്ഞു.


തിരഞ്ഞെടുപ്പു വേളയിൽ ശക്തൻ മാർക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദ്ധാനം നിറവേറ്റാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഒരു കോടി രൂപയാണ് അദ്ദേഹം വാഗ്ദ്ധാനം ചെയ്തിരുന്നത്. തന്റെ എം പി ഫണ്ടിൽ നിന്നോ, കുടുംബ ട്രസ്റ്റിൽ നിന്നോ പണം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദ്ധാനം.

പച്ചക്കറി മാർക്കറ്റിനും മാംസ മാർക്കറ്റിനും അമ്പതു ലക്ഷം രൂപ വീതം അദ്ദേഹം നൽകും. ശക്തനിലെ 36 ഏക്കർ സ്ഥലം എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയർ പറഞ്ഞു. 700 കോടി മുടക്കിയുള്ള ശക്തൻ വികസനമാണ് ഇതിൽ വിഭാവനം ചെയ്തിരുന്നത്. ചർച്ചയിൽ സുരേഷ്‌ ഗോപിക്കൊപ്പം ബി ജെ പി നേതാക്കളും കൗൺസിലർമാരും ഉണ്ടായിരുന്നു.