ലൗ ജിഹാദിന് ഒമ്പത് ഘട്ടങ്ങൾ, പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം  പുരോഹിതരുടെ  ആഭിചാരക്രിയ, പുതിയ വിവാദത്തിന് വഴിമരുന്നിട്ട് താമരശേരി  അതിരൂപത

Wednesday 15 September 2021 12:41 PM IST

കോഴിക്കാേട്: നാർക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ അലയൊലികൾ അടങ്ങും മുമ്പ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതർ ആഭിചാരക്രിയകള്‍ നടത്തുന്നു എന്ന വാദവുമായി താമരശേരി അതിരൂപതയുടെ കൈപ്പുസ്തകം. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും അതിന് ഒമ്പത് ഘട്ടങ്ങളുണ്ടെന്നും വിവരിക്കുന്ന ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന പുസ്തകത്തിലാണ് മുസ്ലീം പുരോഹിതരുടെ ആഭിചാരക്രിയകളെക്കുറിച്ച് വിവരിക്കുന്നത്. താമരശേരി രൂപതയുടെ വേദ പാഠക്ളാസുകളിൽ പഠിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ് പുസ്തകം എന്നാണ് അറിയുന്നത്.

'പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ, പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍' എന്നിങ്ങനെയുള്ള തലക്കെട്ടുകളിലാണ് പുസ്തകത്തിൽ കാര്യങ്ങൾ വിവരിക്കുന്നത്. 'കൈ വിഷം അഥവാ ഓതിക്കെട്ടൽ' എന്ന തലക്കെട്ടിലാണ് മുസ്ളീം പുരോഹിതന്മാർ ചെയ്യുന്ന ആഭിചാരക്രിയകളെ കുറിച്ച് വിവരിക്കുന്നത്.

'പെൺകുട്ടിയുടെ പേനയോ, തൂവാലയോ, തലമുടിയോ,മറ്റെന്തെങ്കിലും വസ്തുക്കൾ സ്വന്തമാക്കിയോ അല്ലെങ്കിൽ പെൺകുട്ടികളുടെ പേരുപറഞ്ഞ് ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ, സമ്മാനങ്ങൾ എന്നിവ ഓതിക്കെട്ടിയോ ഈ ആഭിചാരക്രിയ നടത്താറുണ്ട്.

നിങ്ങൾക്ക് നൽകുന്ന മോതിരങ്ങൾ, നാണയങ്ങൾ, ഒരുമിച്ച് കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ, നിങ്ങൾക്ക് നൽകുന്ന സമ്മാനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഓതിയ ചരടുകൾ എന്നിവയും സാധാരണ സ്പർശനങ്ങളിൽ പോലും കൈയിലോ ശരീരത്തിലോ തേയ്ക്കുന്ന ചിലതരം പൊടികളോ നിങ്ങളെ വലിയൊരു വശീകരണ ലോകത്തേക്ക് എത്തിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.. എന്നിങ്ങനെ പോകുന്നു പുസ്തകത്തിലെ വിവരണങ്ങൾ.

കടുത്ത മുസ്ളീം വിരുദ്ധതയും വ്യാജവിവരങ്ങളും നിറഞ്ഞ പുസ്തകത്തിലെ ഭാഗങ്ങള്‍ വിദ്വേഷപ്രചരണം ലക്ഷ്യം വെച്ചുള്ളതാണെന്ന വിമര്‍ശനങ്ങൾ ഇതിനിടെ ശക്തമായിട്ടുണ്ട്.