യഥാർത്ഥ ടാർസൻ വിട വാങ്ങി

Thursday 16 September 2021 12:53 AM IST

ഹനോയ്​: പുറംലോകവുമായി ബന്ധമില്ലാതെ 41 വർഷം വനത്തിൽ ജീവിച്ച യഥാർത്ഥ ടാർസൻ എന്നറിയപ്പെടുന്ന ഹൊ വാൻ ലാംഗ് (52) അന്തരിച്ചു. അർബുദബാധിതനായിരുന്നു. എട്ടുവർഷമായി ആധുനിക ജീവിതം നയിക്കുന്ന വാനിന്റെ ഭക്ഷണ രീതികളു​ം ജീവിതശൈലിയിൽ വന്ന മാറ്റവും ​രോഗം പിടിപെടാൻ കാരണമായെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടിലേത്തിയ ആദ്യ വർഷം പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ലാംഗ്​ ബുദ്ധിമുട്ടിയിരുന്നു. പിന്നീട്,​ സംസ്കരിച്ച ഭക്ഷണം കഴിക്കാൻ തുടങ്ങി. പലപ്പോഴും മദ്യം കഴിക്കാൻ നിർബന്ധിതനായി. പുകവലി ആരംഭിച്ചു. ആധുനിക ജീവിതം ലാംഗിന്റെ ആരോഗ്യം തകർത്തു.

@ ലാംഗിന്റെ കഥ

1972ലെ വിയറ്റ്​നാം യുദ്ധത്തിനിടെ അമേരിക്കയുടെ ബോംബാക്രമണത്തിൽ ഭാര്യയേയും രണ്ട്​ മക്കളേയും നഷ്​ടപ്പെട്ടതിന്​ പിന്നാലെയാണ്​ വാനിന്റെ പിതാവായ ഹോ വാൻ തൻഹിൻ രണ്ടാൺമക്കൾപ്പൊപ്പം കാടുകയറിയത്​. ക്വാംഗ്​ ങായ്​ പ്രവിശ്യയിലെ രായ്​ ടാര ജില്ലയിലെ വനത്തിലാണ്​ ഇവർ കഴിഞ്ഞിരുന്നത്​.​ സൈനികനായിരുന്നു തൻഹ്​.

നാല്​ പതിറ്റാണ്ടിനിടെ വെറും അഞ്ച്​ മനുഷ്യൻമാരെ മാത്രമായിരുന്നു​ ഇവർ കണ്ടുമുട്ടിയത്​. കണ്ട മാത്രയിൽ തന്നെ ഓടി മറയുകയും ചെയ്​തു. കാട്ടു​കനികളും കാട്ടുമൃഗങ്ങളുടെ ഇറച്ചിയുമായിരുന്നു ഭക്ഷണം. കുടിലിലായിരുന്നു താമസം.

ലാംഗിന്റെ പിതാവിന്​ സാമൂഹിക ജീവിത ഘടനയെ ഭയമായിരുന്നു. വിയറ്റ്​നാം യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ്​ അദ്ദേഹം കരുതിയിരുന്നത്​. 2013ൽ ചികിത്സക്കായാണ് ആൽവരോ സെറെസോ എന്ന ഫോ​ട്ടോഗ്രാഫറുടെ സഹായത്തോടെ ​ തൻഹും മക്കളും നാട്ടിലേക്കെത്തിയത്​.

സെറെസോ ഇവരെ ഒരു ഗ്രാമത്തിലേക്ക്​ പുനരധിവസിപ്പിച്ചു. വൈകാതെ പിതാവ് മരിച്ചു. 2017ൽ അജ്ഞാത രോഗം ബാധിച്ച്​ ചേട്ടനും മരിച്ചതോടെ ലാംഗ് തീർത്തും ഒറ്റയ്ക്കായിരുന്നു.