ചരിത്രത്തിനൊപ്പം കൊച്ചിൻ ഗോൾഫ് ക്ലബ് @ 100

Thursday 16 September 2021 12:58 AM IST

കൊച്ചി: കൊച്ചിയുടെ ചരിത്രത്തത്താളുകളിൽ വേരുറപ്പിച്ച കൊച്ചി ഗോൾഫ് ക്ലബ് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ പിന്നിൽ വർഷങ്ങൾ പഴക്കമുള്ള കഥയുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രത്തിനൊപ്പം പഴക്കമുണ്ട് ഗോൾഫ് ക്ലബിന്.

1829 ലാണ് റോയൽ കൽക്കട്ട ഗോൾഫ് ക്ലബ്ബ് എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ഗോൾഫ് കോഴ്‌സ് കൊൽക്കത്തയിൽ ആരംഭിച്ചത്. 1992ൽ കൊച്ചിയിലേക്കും കളിയെത്തി. ക്ലബ്ബ് എത്തുന്നതിനു മുമ്പ് തന്നെ മത്സരത്തിന്റെ ചൂടും ചൂരും കൊച്ചിയാകെ വ്യാപിച്ചിരുന്നു. ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതയുള്ള ഇടമാണ് ഗോൾഫ് ക്ലബ്ബിന്റെ സ്ഥലം. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന, റോഡ് മാർഗം ബന്ധപ്പെടാൻ കഴിയാത്ത ചുറ്റും കുറ്റിക്കാടുകളാൽ വിശാലമായ സ്ഥലം. ബോൾഗാട്ടിയെന്ന പേരിനു കാരണവും ഗോൾഫ് തന്നെയാണ്.

പോഞ്ഞിക്കരയുടെ ഒരു ഭാഗത്തായിരുന്നു വെള്ളക്കാർ ഗോൾഫ് കളിക്കാൻ സ്ഥലം കണ്ടെത്തിയത്. ഗോൾഫ് കളിക്കിടെ ബോൾ കാട്ടിൽ പോകുന്നത് പതിവായിരുന്നു. കളിക്കാരുടെ സഹായി (കാഡീസ്) 'ബോൾ കാട്ടിലാ' എന്ന് ഉച്ചത്തിൽ വിളിച്ചുപറയും. ഇതാണ് പിന്നീട് ബോൾഗാട്ടി എന്ന പേരിലേക്ക് എത്തിയത്.

കൊച്ചിയിലെ ബ്രിട്ടീഷ് റസിഡന്റാണ് ബോൾഗാട്ടിയിലെ ഡച്ച് കൊട്ടാരത്തിൽ താമസിച്ചിരുന്നത്. ബ്രിട്ടീഷുകാരായിരുന്നു കളിക്കാർ. തുടക്കത്തിൽ ഇംഗ്ലീഷുകാർക്ക് മാത്രമായിരുന്നു ഗോൾഫ് കളിക്കാൻ അനുമതി. കാലങ്ങൾക്ക് ശേഷമാണ് ബ്രിട്ടീഷ് കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഇന്ത്യക്കാർക്ക് കളിക്കാൻ അവസരം ലഭിച്ചത്. 1947നു ശേഷമാണ് എല്ലാവർക്കും അംഗത്വം ലഭിച്ചു തുടങ്ങിയത്.

ഡച്ച് കൊട്ടാരം കെ.ടി.ഡി.സി. ഏറ്റെടുത്തപ്പോൾ ഗോൾഫ് ക്ലബ്ബ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. 250ലേറെ അംഗങ്ങൾ നിലവിൽ ക്ലബ്ബിലുണ്ട്. പന്ത്രണ്ട് ഏക്കർ സ്ഥലത്താണ് ഗോൾഫ് കോഴ്സ് സ്ഥിതി ചെയ്യുന്നത്. ഒൻപത് ഹോൾ സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

മുൻ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഉൾപ്പെടെ പ്രശസ്തർ ഇവിടെ കളിച്ചിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനം മുതൽ പ്രധാനപ്പെട്ട മത്സരങ്ങൾക്കും കൊച്ചി വേദിയായി. 1925ൽ തുടങ്ങിയ റിച്ചഡ്‌സൺ കപ്പ്, 1962ലെ പ്രസിഡന്റ്‌സ് പുട്ടർ, 1972ലെ അഡ്മിറൽസ് കപ്പ്, 1979ലെ ബ്രിസ്റ്റോ മെമ്മോറിയൽ ട്രോഫി, ടീ ട്രേഡ് വേഴ്‌സസ് ദ് റെസ്റ്റ്, 1982ലെ കെല്ലോഗ് ട്രോഫി തുടങ്ങിയവയാണ് ഇവിടെ നടന്ന പ്രമുഖ ടൂർണമെന്റുകൾ. ഉമ്മൻ മെമ്മോറിയൽ ട്രോഫി (1993), വി. വിജയചന്ദ്രൻ ട്രോഫി (1994), ജനറൽസ് സ്വോർഡ് തുടങ്ങിയ മത്സരങ്ങളും നടന്നിട്ടുണ്ട്.

ഗോൾഫ് അക്കാഡമി

നൂറാം വാർഷികത്തിന്റെ ഭാഗമായി പുതിയ ഒരു ഗോൾഫ് അക്കാഡമി ആരംഭിക്കാനാണ് പദ്ധതി. അതിനായി കെ.ടി.ഡി.സി അടക്കമുള്ളവരോട് ചർച്ചകൾ നടത്താനുള്ള ശ്രമത്തിലാണ്.

നിലവിൽ വിദ്യാർത്ഥികൾക്ക് 2000 രൂപയുടെ താത്കാലിക അംഗത്വം നൽകി പരിശീലനത്തിന് അവസരം ഒരുക്കുന്നുണ്ട്. രാത്രിയിൽ അടക്കം പരിശീലനം നൽകുന്നുണ്ട്. 30 പേർ പതിവായി പരിശീലനത്തിന് എത്തുന്നുണ്ട്.

ജോസഫ് തോമസ്,പ്രസിഡന്റ്,കൊച്ചിൻ ഗോൾഫ് ക്ലബ്

Advertisement
Advertisement