മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിയിൽ നിന്ന് ആർക്കും ഇന്ധനമടിക്കാം

Thursday 16 September 2021 12:03 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പുകളിൽ നിന്നും ജനങ്ങൾക്കും ഇന്ധനമടിക്കാനുള്ള സംവിധാനത്തിന് എറണാകുളത്തും തുടക്കമാകുന്നു. ശനിയാഴ്ച മൂവാറ്റുപുഴ ഡിപ്പോയിൽ ഇത്തരത്തിൽ സജ്ജമാക്കിയ പമ്പ് വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സിയുടെ 75 പമ്പുകളിൽ നിന്നും ഇനി മുതൽ ജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാം.
കെ.എസ്.ആർ.ടി.സി യാത്ര ഫ്യൂവൽസ് എന്ന പേരിൽ ഐ.ഒ.സിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കെ.എസ്.ആർ.ടി.സിയിലെ തന്നെ ജീവനക്കാരാണ് പമ്പിലെ ജോലിക്കാർ. രണ്ടു ദിവസത്തെ പ്രത്യേക പരിശീലനം നൽകിയാണ് പമ്പുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത്. മൂവാറ്റുപുഴയിൽ എം.സി. റോഡിനോട് ചേർന്ന് പമ്പിന്റെ നിർമ്മാണ ജോലികൾ പൂർത്തിയായി. അവസാനവട്ട മിനുക്കുപണികൾ നടക്കുന്നു.
ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന എട്ട് പമ്പുകളിലൊന്നാണ് മൂവാറ്റുപുഴ. കിഴക്കേകോട്ട, കിളിമാനൂർ, ചടയമംഗലം, ചാലക്കുടി, മൂവാറ്റുപുഴ, മൂന്നാർ, ചേർത്തല, കോഴിക്കോട് എന്നിവയാണ് മറ്റ് ഏഴെണ്ണം. ആദ്യ പമ്പ് ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.


ആകർഷകമായ സമ്മാനങ്ങൾ
ഇന്ധനം നിറയ്ക്കാനെത്തുന്നവർക്ക് ആനുകൂല്യങ്ങളും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകും. ഐ.ഒ.സിയുമായി ചേർന്നാണ് സമ്മാനങ്ങൾ നൽകുക. 200, 500 രൂപയ്ക്കു മുകളിൽ ഇന്ധനം നിറയ്ക്കുന്നവർക്ക് സമ്മാന കൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. ഇരുചക്ര വാഹന യാത്രികർക്ക് സൗജന്യ ഓയിൽ ചേഞ്ചും കാറ്റു നിറയ്ക്കലും ഉൾപ്പെടെ സേവനങ്ങളും പദ്ധതിയിലുണ്ട്.
ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖലാ എണ്ണക്കമ്പനിയുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകിയത്.

Advertisement
Advertisement