ഇടവപ്പാതിയിലെ ഇടിമുഴക്കത്തിന് ചെറായിയിൽ സ്മാരകം

Thursday 16 September 2021 12:06 AM IST

വൈപ്പിൻ: 'ഇടവപ്പാതിയിലെ ഇടിമുഴക്കം' എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ചെറായിയിലെ മിശ്രഭോജനം നടന്ന സ്ഥലത്ത് സ്മാരകം നിർമ്മിക്കുന്നതിനായി സർക്കാർ സ്ഥലം ഏറ്റെടുക്കുന്ന പ്രഖ്യാപനം ഇന്ന് . സഹോദരൻ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ രാവിലെ 9.30 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തും.

104 വർഷം മുൻപ് ഇടവപ്പാതി ദിവസമായിരുന്നു ചെറായി തുണ്ടിടപറമ്പിലെ ബന്ധുഗൃഹത്തിന് മുന്നിൽ ഈഴവരേയും പുലയരേയും ഒന്നിച്ചിരുത്തി സഹോദരൻ അയ്യപ്പൻ ഭക്ഷണം കഴിച്ച് ജാതി നശീകരണ പ്രഖ്യാപനം നടത്തിയത്. തുടർന്ന് മിശ്രഭോജനത്തിൽ പങ്കെടുത്ത എല്ലാവരും സമുദായ ഭ്രഷ്ട് കൽപ്പിച്ച് സമുദായത്തിൽ നിന്ന് പുറത്താക്കപ്പെടുകയും വിവിധ സ്ഥലങ്ങളിൽ വെച്ച് സഹോദരൻ ആക്രമണ വിധേയനാകുകയും ചെയ്തു. സഹോദരനെ പുലയൻ അയ്യപ്പൻ എന്ന് പേരിട്ട് അധിക്ഷേപിക്കുകയും ഉണ്ടായി.

മിശ്രഭോജനം നടന്ന പറമ്പിലെ3 സെന്റ് സ്ഥലമാണ് സർക്കാർ ഏറ്റെടുക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയിൽപ്പെടുത്തിയാണ് തുക കണ്ടെത്തിയത്. ഏറ്റെടുക്കുന്ന സ്ഥലത്ത് അനുയോജ്യമായ സ്മാരകം ഒരുക്കും. ചെറായി ജനതാ സ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറ് വടക്ക് മാറിയാണ് തുണ്ടിടപറമ്പ്. ഇവിടെ നാല് വർഷം മുൻപ് മിശ്രഭോജനത്തിന്റെ നൂറാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയും മിശ്രഭോജനം ഒരിക്കൽ കൂടി നടത്തുകയും ചെയ്തിരുന്നു.

ഇന്നത്തെ പ്രഖ്യാപന സമ്മേളനത്തിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. സി. എൻ. മോഹനൻ, മുൻ മന്ത്രി എസ്.ശർമ്മ, മുസിരിസ് എം.ഡി. പി. എം. നൗഷാദ്, സഹോദരൻ സ്മാരകം ചെയർമാൻ പ്രൊഫ. എം. കെ. സാനു, സിപ്പി പള്ളിപ്പുറം, ഒ.കെ. കൃഷ്ണകുമാർ, ഡോ. കെ. കെ. ജോഷി എന്നിവർ പങ്കെടുക്കും.

മുഴുവൻ സ്ഥലവും ഏറ്റെടുക്കണം
മിശ്രഭോജനം നടന്ന പറമ്പിലെ മൂന്ന് സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്ന നടപടി സ്വാഗതം ചെയ്യുന്നു. ഉചിതമായ സ്മാരകം നിർമ്മിക്കാൻ ഈ വസ്തുവിലെ ബാക്കി സ്ഥലം കൂടി സർക്കാർ ഏറ്റെടുക്കണം.
ടി. ബി. ജോഷി, സെക്രട്ടറി എസ്.എൻ.ഡി.പി, യോഗം വൈപ്പിൻ യൂണിയൻ

Advertisement
Advertisement