നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ നവംബർ 12 വരെ

Thursday 16 September 2021 12:02 AM IST

തിരുവനന്തപുരം: നിയമസഭാസമ്മേളനം ഒക്ടോബർ നാല് മുതൽ നവംബർ 12വരെ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനമാണ് ചേരുന്നത്. പൂർണമായും നിയമനിർമ്മാണങ്ങൾക്ക് വേണ്ടി മാത്രമാണ് ഒരു മാസത്തിലധികം നീളുന്ന സമ്മേളനം ചേരുന്നത്. 47 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കപ്പെടാനുള്ളത്. നേരത്തേ ഉണ്ടായിരുന്ന 44 ഓർഡിനൻസുകൾക്ക് പുറമേ പുതുതായി മൂന്ന് ഓർഡിനൻസുകൾ കൂടി അടുത്തിടെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. പരമാവധി ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ ഈ സഭാസമ്മേളനത്തിൽ പാസാക്കിയെടുക്കാനാണ് നീക്കം.