തഴത്തോടുകൾ വീണ്ടെടുക്കാം സഞ്ചാരികൾക്കായി
കരുനാഗപ്പള്ളി: വിനോദ സഞ്ചാരത്തിന് പേരുകേട്ട കേന്ദ്രമാണ് കരുനാഗപ്പള്ളി . ശ്രീനാരായണ ട്രോഫി ജലോത്സവം സംഘടിപ്പിക്കുന്ന കന്നേറ്റി ബോട്ട് ക്ലബ് കേന്ദ്രീകരിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വിനോദ സഞ്ചാര കേന്ദ്രം തുടങ്ങിയിട്ടുണ്ട്. ഇവിടെ ഹൗസ് ബോട്ടുകളും 5 പേർക്ക് കയറാവുന്ന ചെറിയ ബോട്ടുകളും സവാരി നടത്തിയിരുന്നു. കൊവിഡിനെ തുടർന്ന് ഇതെല്ലാം നിറുത്തി വെച്ചിരിക്കുകയാണ്. ഉടനെ ഇതെല്ലാം തുറന്ന് പ്രവർത്തിക്കും. കായലിലൂടെയുള്ള വിനോദ യാത്രയേക്കാൾ സഞ്ചാരികൾ ഇഷ്ടപ്പെടുന്നത് നാരോ ടൂറിസമാണ്. വീതികുറഞ്ഞ ജലാശയങ്ങളും തോടുകളുമാണ് അതിനായി ഉപയോഗിക്കുന്നത്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലുള തഴത്തോടുകളിലൂടെ കൊതുമ്പ് വള്ളങ്ങൾ പോലും സഞ്ചരിക്കാത്ത അവസ്ഥയാണിപ്പോൾ. തഴത്തോടുകളുടെ മീതേ അനധികൃതമായി നിർമ്മിരിക്കുന്ന പാലങ്ങൾ പൊളിച്ച് നീക്കി തോടുകളുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നീരൊഴുക്കിന് തടയിട്ട് പാലങ്ങൾ
നഗരസഭയുടെ പരിധിയിൽ വരുന്ന തഴത്തോടുകൾക്ക് മീതേ സ്വകാര്യ വ്യക്തികൾ നിർമ്മിക്കുന്ന പാലങ്ങൾ നീരൊഴുക്കിന് തടസമാകുന്നുണ്ട്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ 3 തഴത്തോടുകളാണ് ഉള്ളത്. ഇതിൽ ഒന്നാം തഴത്തോട് കൃഷ്ണപുരത്ത് നിന്ന്, രണ്ടാം തഴത്തോട് ഘണ്ടാകർണൻകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും മൂന്നാം തഴത്തോട് കായംകുളം കായലിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. മൂന്ന് തഴത്തോടുകളും നഗരസഭാ അതിർത്തിയായ കൊതിമുക്ക് വട്ടക്കായലിലാണ് പതിക്കുന്നത്.കൃഷ്ണപുരത്ത് നിന്നുള്ള തഴത്തോട്ടിലാണ് വ്യാപകമായി സ്വകാര്യ വ്യക്തികൾ പാലം നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് , തോടിന്റെ ജലനിരപ്പിന് തൊട്ട് മുകളിൽ വെച്ചാണ് പാലങ്ങളുടെ നിർമ്മാണം. മഴയെ തുടർന്ന് തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ വെള്ളം പാലത്തിൽ തട്ടി തടഞ്ഞ് നിൽക്കുന്നതിനാൽ റോഡും സമീപ പ്രദേശങ്ങളും വെള്ളക്കെട്ടായി മാറും. കുളവാഴ പോലുള്ള സസ്യങ്ങൾ പാലത്തിന്റെ വശങ്ങളിൽ തട്ടി നിൽക്കുന്നതും നീരൊഴിക്കിന് തടസമാകുന്നു.
നിർമ്മാണം മാനദണ്ഡങ്ങൾ ലംഘിച്ച്
തഴത്തോടുകൾ എല്ലാം മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. തഴത്തോടുകൾക്ക് മീതേ പാലങ്ങൾ നിർമ്മിക്കാനുള്ള അംഗീകാരം നൽകുന്നതും മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരാണ്. അവർ നൽകുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാലങ്ങൾ നിർമ്മിക്കുന്നത്. തോടിന്റെ സ്ഥലം പൂർണമായും കൈയ്യേറിയാണ് പാലങ്ങൾ നിർമ്മിക്കുന്നത്. വ്യക്തികളുടെ ഒരു ഇഞ്ച് സ്ഥലം പോലും പാലത്തിന് വേണ്ടി നഷ്ടപ്പെടുന്നില്ല. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ളവർ റോഡ് നിർമ്മിച്ചാൽ തോടിന് കുറുകെ പാലങ്ങൾ നിർമ്മിക്കാതെ തന്നെ പ്രധാന റോഡിൽ എത്താൻ കഴിയും. എന്നാൽ അതിന് ശ്രമിക്കാതെയാണ് തോടിന്റെ സ്ഥലം കൈയ്യേറിയിരിക്കുന്നത്.