ആയിരംതെങ്ങ് തീവെപ്പ് : മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
ഓച്ചിറ: ആയിരംതെങ്ങ് തീവെപ്പ് കേസിൽ മുഖ്യപ്രതിയും സൂത്രധാരനുമായ ആലുംപീടിക എ.എ വില്ലയിൽ ശാർങധരനായി ഓച്ചിറ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കടകൾ തീവെക്കുന്നതിന് ക്വട്ടേഷൻ നൽകിയ ആയിരം തെങ്ങിലെ വ്യാപാരിയും കള്ള് ഷാപ്പ് കോൺട്രാക്ടറുമായ പ്രതി സംഭവ ദിവസം മുതൽ ഒളിവിലാണ്. അഞ്ച് ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. ക്വട്ടേഷൻ ഏറ്റെടുത്ത് കടകൾക്ക് തീവെച്ച തഴവ തെക്കുംമുറി കിഴക്ക് തീപാരേത്ത് വീട്ടിൽ ദീപു (24), സുഹൃത്ത് തഴവ തെക്കുംമുറി കിഴക്ക് ഷിബിൻ ഭവനത്തിൽ ഷിബിൻ ഷാജി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 30ന് നായിരുന്നു സംഭവം. സംഭവ ദിവസം തന്നെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയും രണ്ട് പേർ അറസ്റ്റിലാകുകയും ചെയ്തിട്ടും കേസിലെ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. മുഖ്യപ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് നേരത്തെ കോൺഗ്രസ് പാർട്ടിയും ഇന്നലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും ആയിംതെങ്ങിൽ പ്രതിഷേധയോഗം നടത്തിയിരുന്നു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ പി.വിനോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.