നിലപാട് കടുപ്പിച്ച് ഹരിത മുൻ ഭാരവാഹികൾ; ആത്മാഭിമാനം അടിയറ വയ്ക്കാനാവില്ല

Thursday 16 September 2021 12:13 AM IST

കോഴിക്കോട്: അശ്ലീല അധിക്ഷേപത്തിനുമപ്പുറം ആത്മാഭിമാനം നിരന്തരം ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരാതിയുമായി വനിതാക്കമ്മിഷനെ സമീപിക്കേണ്ടി വന്നതെന്ന് ഹരിത മുൻ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുസ്ലിം ലീഗ് നേതൃത്വത്തിന് അഞ്ചു പേജുള്ള പരാതി നൽകിയതിനൊപ്പം ഉന്നത നേതാക്കളിൽ പലരെയും കണ്ട് പ്രശ്നങ്ങൾ നേരിട്ടു ധരിപ്പിച്ചതുമാണ്. 50 ദിവസം കാത്തിരുന്നിട്ടും ഫലമുണ്ടായില്ലെന്നു മാത്രമല്ല, അനുഭാവത്തോടെയുള്ള സമീപനം പോലുമുണ്ടായില്ല. ഞങ്ങൾക്കും ആത്മാഭിമാനം വലുതാണ്. അതുകൊണ്ടുതന്നെയാണ് വനിതാക്കമ്മിഷനു പരാതി സമർപ്പിച്ചതെന്ന് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്സീറ വ്യക്തമാക്കി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഒന്നോ രണ്ടോ വാചകത്തിലൊതുങ്ങുന്നില്ല പ്രശ്നങ്ങൾ. നേരത്തെതന്നെ എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിയും തീർത്തും മോശമായ തരത്തിൽ കാമ്പെയിനെന്നോണം അസഭ്യം ചൊരിയുന്നുണ്ടായിരുന്നു. ഹരിതയിലെ നേതാക്കൾ ഫെമിനിസം വളർത്തുന്നവരാണ്, പ്രസവിക്കാനൊന്നും താത്പര്യമില്ലാത്തവരാണ് എന്നിങ്ങനെ നീളുന്നു ആ പ്രചാരണം.

എം.എസ്.എഫ് പ്രവർത്തകസമിതി യോഗത്തിൽ പി.കെ.നവാസ് പറഞ്ഞത് ഹരിതയെ നയിക്കുന്നത് ഒരു സൈബർ ഗുണ്ടയാണെന്നും അയാളാണ് ഫേസ്ബുക്ക് പോസ്റ്റുകളടക്കം ചമയ്ക്കുന്നതെന്നും മറ്റുമാണ്. തന്റെ കൈയിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചാൽ ഹരിതയിലെ പലർക്കും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു പോലും പറഞ്ഞു. ഏറ്റവും ഒടുവിലായിരുന്നു വേശ്യാപ്രയോഗം. ആ യോഗത്തിൽത്തന്നെ താൻ ശക്തമായി പ്രതികരിച്ചിരുന്നു. കൂടിയാലോചനകൾക്കു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ ലീഗ് നേതൃത്വത്തിന് പരാതിയും നൽകി.

പാർട്ടിയെ പ്രതിരോധത്തിലാക്കേണ്ടതില്ലെന്നു കരുതിയാണ് പരാതിയുമായി മാദ്ധ്യമങ്ങൾക്കു മുന്നിലെത്താതിരുന്നത്. എന്നിട്ടും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം തങ്ങളെ ധിക്കാരികളെന്നും പാർട്ടിയെ അനുസരിക്കാത്തവരെന്നും മറ്റും ആക്ഷേപിച്ചു. കോഴിക്കോട് അങ്ങാടിയിൽ തെണ്ടിത്തിരിയാൻ എത്തുന്നവരാണെന്നുപോലും പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങളാണ് പി.കെ.നവാസിനെ സംരക്ഷിക്കുന്നതെന്നുവേണം കരുതാൻ. നവാസിനെ രക്ഷിക്കാൻ ഞങ്ങളെ ബലിയാടാക്കുകയായിരുന്നു.

വ്യക്തികളല്ല, സംഘടനയാണ് വലുതെന്ന സി.എച്ചിന്റെ വാക്കുകളാണ് ഞങ്ങൾ മുറുകെപ്പിടിക്കുന്നത്. ലീഗ് വിടാതെതന്നെ പോരാട്ടം തുടരും. പെൺകുട്ടികൾക്കായി പുതിയ വേദിക്ക് തുടക്കമിടുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

വാർത്താസമ്മേളനത്തിൽ മുൻ പ്രസിഡന്റ് മുഫീന തസ്‌നി, ഫസീന, ഫർസാന എന്നിവരും പങ്കെടുത്തു.

Advertisement
Advertisement