വീട് കയറി ആക്രമണം; റിട്ട. എസ്.ഐ അറസ്റ്റിൽ

Thursday 16 September 2021 12:18 AM IST

തൊടിയൂർ : വീട് കയറി അമ്മയെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ റിട്ട. ഗ്രേഡ് എസ്.ഐ അറസ്റ്റിൽ. ചവറ സ്റ്റേഷനിൽനിന്ന് വിരമിച്ച ഗ്രേഡ് എസ്.ഐ. ചവറ പുലരിയിൽ അബ്ദുൾ റഷീദ് (60) ആണ് അറസ്റ്റിലായത്

തൊടിയൂർ കല്ലുകടവ് കുന്നേൽ വീട്ടിൽ താമസക്കാരായ ശ്രീകുമാർ (41) അമ്മ അമ്മിണിഅമ്മ (61) എന്നിവരെയാണ് ആക്രമിച്ചത്. മർദ്ദത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഒരു സ്ത്രീയടക്കമുള്ള അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ശ്രീകുമാറിനെ മുറിക്കുള്ളിൽ പാഞ്ഞുകയറി ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് മർദ്ദിക്കുകയുന്നു. മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ അമ്മയെയും ആക്രമിച്ചു. ഇവരുടെ കൈയ്ക്കും തലയക്കും മുറിവേറ്റു.

ആക്രമണംകണ്ട് സമീപവാസികളായ ചിലരെത്തി തടയുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തിയെങ്കിലും റഷീദും സംഘവും ഓടിരക്ഷപ്പെട്ടു.

തുടർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. വീടുകയറി ആക്രമണം, വധഭീഷണി മുഴക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചവറയിലെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട്, വിവരാവകാശപ്രവർത്തകനായ ശ്രീകുമാർ അബ്ദുൾ റഷീദിനെതിരെ പരാതിനൽകിയിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നു.

പരാതിനൽകിയതിലുള്ള പ്രതികാരമാണ് അക്രമത്തിനു കാരണമെന്ന് ശ്രീകുമാർ പറയുന്നു. എന്നാൽ, അബ്ദുൾ റഷീദ് ഹണിട്രാപ്പിൽ കുടുങ്ങിയതായി ശ്രീകുമാർ സാമൂഹികമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സാമൂഹികമാദ്ധ്യമത്തിലൂടെ തർക്കവും ഉണ്ടായി.മറ്റ് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു.