ജനത്തിനുള്ള കെ.എസ്.ആർ.ടി.സിയുടെ പെട്രോൾ പമ്പ് തുറന്നു,​ ടിക്കറ്റിതര വരുമാനത്തിന് കുതിപ്പാകും

Thursday 16 September 2021 12:27 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനത്തിന് കുതിപ്പേകുന്ന യാത്രാ ഫ്യൂവൽസ് പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ 75 ഡിപ്പോകളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി ഇന്ധന സ്റ്റേഷനുകൾ തുറക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേക്കോട്ടയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ മാസം മൂന്നു കോടി രൂപയുടെ ലാഭം കെ.എസ്.ആർ.ടി.സിക്ക് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്നു മുതൽ 18വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴ് പമ്പുകൾ കൂടി തുടങ്ങും.

ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. ആദ്യ വിൽപ്പന മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. യാത്രാ ഫ്യൂവൽസിന്റെ ഔദ്യോഗിക ലോഗോ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സെന്റർ മേയർ ആര്യ രാജേന്ദ്രനും എൻജിൻ ഓയിൽ സർവീസിംഗ് സെന്റർ നഗരസഭാ കൗൺസിലർ സിമി ജ്യോതിഷും ഉദ്ഘാടനം ചെയ്തു. ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായ ബിജുപ്രഭാകർ സ്വാഗതം പറഞ്ഞു. ഐ.ഒ.സിയുടെ ചീഫ് ജനറൽ മാനേജർ വി.സി.അശോകൻ പദ്ധതി റപ്പോർട്ട് അവതരിപ്പിച്ചു. ഐ.ഒ.സി ചെയർമാൻ എസ്.എം വൈദ്യ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ അമിതാഭ് അഖാരി, പി.എസ്.മണി തുടങ്ങിയവർ വെർച്വൽ ആയി പങ്കെടുത്തു. ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഒഫ് എക്സ്‌പ്ലോസീവ്സ് ഡോ.ആർ.വേണുഗോപാൽ, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് ആർ. ശശിധരൻ, കെ.എസ്.ടി.ഇ.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ . കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഖജനാവിൽ പണമില്ലെന്ന് സൂചിപ്പിച്ച് ധനമന്ത്രി

കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് എടുക്കുന്ന തീരുമാനങ്ങൾക്ക് സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. എന്നാൽ, കൂടുതൽ സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ പണം കുറവാണെന്ന കാര്യം മന്ത്രി സൂചിപ്പിച്ചു. കൊവിഡിനു ശേഷം സർക്കാരാണ് കെ.എസ്.ആർ.ടി.സിയുടെ ശമ്പള വിതരണത്തിന് ധനസഹായം തുടർച്ചയായി നൽകി വരുന്നത്. ആയിരം കോടി രൂപയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി പെൻഷനുവേണ്ടി വായ്പ എടുത്തിരിക്കുന്നത്. ശമ്പളം കൊടുക്കുന്നതിന് നേരത്തെ 20 കോടി രൂപയുടെയൊക്കെ സഹായം നൽകിയാൽ മതിയായിരുന്നു. ഇപ്പോൾ 100 കോടിയോളം നൽകേണ്ടിവരുന്നുവെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement