കണ്ണൂർ യൂണി. പി.ജി സിലബസ്: വിവാദ പാഠഭാഗം പഠിപ്പിക്കില്ല- വി.സി

Friday 17 September 2021 2:11 AM IST

കണ്ണൂർ: കണ്ണൂർ സർവകലാശാല പി.ജി സിലബസിലെ വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.സിലബസിൽ

പോരായ്മകളുണ്ടെന്ന് വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 29ന് ചേരുന്ന അക്കാഡമിക് കൗൺസിൽ അന്തിമ തീരുമാനമെടുക്കും.

..സിലബസിനെതിരെ വ്യാപക യുവജന, വിദ്യാർത്ഥി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഇതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ദീൻ ദയാൽ ഉപാദ്ധ്യായ, ബൽരാജ് മധോക്കർ എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കുമെന്ന് സൂചനയുണ്ട്

ഇതിന് പകരം ജയപ്രകാശ് നാരായണൻ, രാം മനോഹർ ലോഹ്യ എന്നിവരുടെ 'ജനതാ മൂവ്‌മെന്റ്' സംബന്ധിച്ച പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തും. കൂടാതെ സോഷ്യലിസ്റ്റ് സൈദ്ധാന്തികർ, ഇസ്ലാമിക് ചരിത്രം എന്നിവയടങ്ങുന്ന പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്.

സവർക്കറും, ഗോൾവാൾക്കറുും അടക്കമുള്ള ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങൾ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു. ഒഴിവാക്കുന്ന പാഠഭാഗങ്ങൾ വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തും. ഇതു സംബന്ധിച്ച റിപ്പോർട്ട് വിദഗ്ധ സമിതി വൈസ് ചാൻസലർക്ക് കൈമാറി. കേരള സർവകലാശാല മുൻ പി.വി.സി

ഡോ.ജെ. പ്രഭാഷ്, കോഴിക്കോട് സർവകലാശാലാ റിട്ട.പ്രൊഫസർ ഡോ. പവിത്രൻ എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് ബോർഡ് ഓഫ് സ്റ്റഡീസിനും അക്കാഡമിക് കൗൺസിലിനും കൈമാറുമെന്നും, ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും വി.സി പറഞ്ഞു.