സ്വർണ്ണക്കടത്ത് കേസിലെ സരിത്തിന് സഹായം: വിയ്യൂർ പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

Friday 17 September 2021 2:32 AM IST

തൃശൂർ: തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ സഹായിച്ചതിന് വിയ്യൂർ അതീവസുരക്ഷാ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ബോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ആഭ്യന്തര വകുപ്പിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് ജയിൽ സൂപ്രണ്ട് ബി. സുനിൽകുമാർ സസ്‌പെൻഡ് ചെയ്തത്.

തിരുവനന്തപുരം ജയിലിൽ അസിസ്റ്റന്റ് പ്രിൻസൺ ഓഫീസറായിരിക്കെയാണ് സരിത്ത് ഉൾപ്പടെയുള്ള തടവുകാരുമായി ബോസ് ഇടപടലുകൾ നടത്തിയതായി സംശയമുയർന്നത്. തുടർന്ന് സൂപ്രണ്ട് നിർമ്മലാനന്ദൻ നായരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിയ്യൂരിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. തടവുകാർക്ക് ഔദ്യോഗിക വിവരങ്ങൾ കൈമാറുക, ആവശ്യമായ സാധനങ്ങൾ എത്തിക്കുക തുടങ്ങിയവ ബോസ് ചെയ്തിരുന്നതായി ജയിലധികൃതർക്ക് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിൽ ഇത് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. വിശദാംശങ്ങൾ തുടരന്വേഷണത്തിലേ വ്യക്തമാകൂ. ബോസിനെ തൃശൂരിലേക്ക് സ്ഥലം മാറ്റിയതിന് ശേഷമാണ് ജയിലിൽ തനിക്ക് വധഭീഷണിയുള്ളതായി സരിത്ത് പരാതിപ്പെട്ടത്. ഇതു സംബന്ധിച്ച് എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ (എക്കണോമിക് ഒഫൻസ്) കേസുകൾ നിലവിലുണ്ട്.


കൊടി സുനിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ: ഡി.ഐ.ജിയ്ക്ക് പരാതി

തൃശൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ വിവാദ ഫോൺ വിളകളെപ്പറ്റി അന്വേഷിക്കാനെത്തിയ ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി വിനോദ്കുമാറിനോട്, തന്നെ കൊല്ലാൻ അഞ്ച് കോടിയുടെ ക്വട്ടേഷൻ നൽകിയതായി ടി.പി വധക്കേസ് പ്രതി കൊടി സുനി പരാതിപ്പെട്ടിരുന്നതായി അറിയുന്നു. കൊടുവള്ളിയിലെ സ്വർണ്ണക്കടത്ത് സംഘമാണ് ക്വട്ടേഷൻ നൽകിയതെന്നും താൻ അറിഞ്ഞതിനാൽ അത് നടപ്പായില്ലെന്നും മൊഴി നൽകിയതായി സൂചനയുണ്ട്. ഇപ്പോൾ അതീവ സുരക്ഷാ ജയിലിലുള്ള കൊടി സുനിയുടെ മൊഴിയും സസ്‌പെൻഷനിലായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ബോസിന്റെ സ്വർണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും കൂട്ടിവായിക്കേണ്ടതാണ്. ജയിൽ ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബും വിയ്യൂർ ജയിലിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.

Advertisement
Advertisement