പ്രധാനമന്ത്രിക്ക് ജന്മദിന സമ്മാനമായി മുൻപ്രവാസികളുടെ പൊതിച്ചോർ സംരംഭം

Friday 17 September 2021 12:49 AM IST
സുഭാഷ് - ജയന്തി ദമ്പതികളുടെ പൊതിച്ചോർ സംരംഭം സജി ജോസഫിന് പൊതിച്ചോർ നൽകി സി.വി. സജിനി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊവിഡിൽ ഗൾഫിലെ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തി ആരംഭിച്ച സംരംഭം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ സമ്മാനമായി സമർപ്പിക്കുകയാണ് സുഭാഷ് - ജയന്തി ദമ്പതികൾ. പ്രാദേശിക സാദ്ധ്യതകൾ വിനിയോഗിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയമാണ് സ്വന്തം സംരംഭത്തിന് ദമ്പതികളെ പ്രേരിപ്പിച്ചത്.

കൊവിഡ് മൂലം ദുബായിയിലെ ജോലി അവസാനിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുഭാഷ് നാട്ടിലെത്തിയത്. ആറു വർഷമായി ഫയർ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഭാര്യ ജയന്തി ഒന്നര വർഷം മുമ്പ് നാട്ടിലെത്തിയിരുന്നു.

ഇനിയെന്തെന്ന ചിന്തയ്ക്കിടയിലാണ് ആത്മനിർഭർ ഭാരതത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മുന്നോട്ടുവച്ച 'വോക്കൽ ഫോർ ലോക്കൽ' പദ്ധതിയെപ്പറ്റി അറിഞ്ഞത്. പ്രാദേശിക വിഭവങ്ങൾ, പ്രാദേശിക വിപണി, പ്രാദേശിക മാനവ വിഭവശേഷി എന്നിവ വിനിയോഗിക്കുന്ന സംരംഭങ്ങളാണ് പദ്ധതിയിലുള്ളത്. വെണ്ണലയിലെ വീടിനോട് ചേർന്ന് ഹോം ഫുഡീസ് എന്ന സ്ഥാപനം ആരംഭിച്ചു. പൊതിച്ചോറ് ലഭ്യമാക്കുന്നതാണ് സംരംഭം. കൊവിഡ് കാലത്ത് ഹോട്ടലുകൾ അടച്ചപ്പോൾ ഓഫീസുകൾ, നിർമ്മാണ മേഖലകൾ എന്നിവയിൽ ജോലി ചെയ്യുന്നവർ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ സാദ്ധ്യതയാണ് ലക്ഷ്യമിടുന്നത്.

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്കുള്ള സമ്മാനമായി ഇന്നലെ ഹോം ഫുഡീസ് തുറന്നു. സാധാരണ ഊണ്, സസ്യേതര ഊണ്, ഒന്നിലേറെ സസ്യേതരവിഭവങ്ങളുള്ള പ്രത്യേക ഊണ് എന്നിവ വരുംദിവസങ്ങളിൽ ലഭ്യമാക്കുമെന്ന് ജയന്തി പറഞ്ഞു. വീട്ടിലാണ് ദമ്പതികൾ ഭക്ഷണം തയ്യാറാക്കുന്നത്. ആവശ്യപ്പെടുന്നവർക്ക് എത്തിച്ചും നൽകും.

വോക്കൽ ഫോർ ലോക്കൽ എന്റർപ്രണേഴ്‌സ് ക്ലബ് അദ്ധ്യക്ഷയും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ സി.വി. സജിനി ഡെൻ കേബിൾ ടി.വി. ഓപ്പറേറ്റർ സജി ജോസഫ് ന് ആദ്യപൊതി നൽകി ഉദ്ഘാടനം നിർവഹിച്ചു.

Advertisement
Advertisement