ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്ക ബാവയാകും

Friday 17 September 2021 12:54 AM IST

കോട്ടയം: ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ പദവിയിലേയ്ക്ക് ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയെ എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് ഏകകണ്ഠമായി നോമിനേറ്റ് ചെയ്തു. ഇന്ന് ചേരുന്ന സഭാ മാനേജിംഗ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ഒക്‌ടോബർ 14 ന് പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷനിൽ തീരുമാനം അംഗീകരിക്കും.

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും എപ്പിസ്‌ക്കോപ്പൽ സുന്നഹദോസിന്റെ മുൻ സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. കാലം ചെയ്ത കാതോലിക്കാ ബാവായുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വാഴൂർ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമാണ്.

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടർന്ന് രൂപീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിലിന്റെ അദ്ധ്യക്ഷൻ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ളീമ്മീസ് സുന്നഹദോസിൽ അദ്ധ്യക്ഷത വഹിച്ചു. സഭാ ആസ്ഥാനമായ ദേവലോകത്ത് ചേർന്ന സുന്നഹദോസിൽ സഭയിലെ 24 മെത്രാപ്പൊലീത്തമാർ പങ്കെടുത്തു.

Advertisement
Advertisement