കേരളത്തിൽ കൊവിഡ് കേസുകൾ കുറയുന്നത് ശുഭസൂചന: കേന്ദ്രം

Friday 17 September 2021 3:55 AM IST

ന്യൂഡൽഹി : രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്നതിൽ 68 ശതമാനം കേസുകളും കേരളത്തിൽ നിന്നാണെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ദിനം പ്രതി കുറവ് രേഖപ്പെടുത്തുന്നത് ശുഭസൂചനയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലിവിലെ സജീവ രോഗികകളിൽ 1.99 ലക്ഷം പേരും കേരളത്തിൽ നിന്നാണ്. മിസോറം, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളാണ് പതിനായിരത്തിലധികം രോഗികകളുള്ള മറ്റ് സംസ്ഥാനങ്ങൾ. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് രാജ്യത്ത് കഴിഞ്ഞ 11 ആഴ്ചയായി 3 ശതമാനത്തിൽ താഴെയാണ്.

64 ജില്ലകളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ അധികമാണ്. ഈ ജില്ലകളിൽ കൃത്യമായ കൊവിഡ് പ്രോട്ടോക്കോളും വാക്സിനേഷനും അതിനകം പൂർത്തിയാക്കേണ്ടതുണ്ട്. ഡൽഹി ,ഹരിയാന, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഗുജറാത്ത്, അസാം എന്നിവിടങ്ങളിൽ ഡെങ്കിപ്പനി തീവ്രമായ രീതിയിൽ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഗൗരവമായി കണ്ട് രോഗ സാദ്ധ്യതയില്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

30,570 പേർക്ക് കൂടി രോഗം 24 മണിക്കൂറിനിടെ രാജ്യത്ത് 30,570 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്നിൽ രണ്ടും കേരളത്തിലാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ ആകെ എണ്ണം 3,33,47,325 ആയി ഉയർന്നു. 431 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണസംഖ്യ 4,43,928 ആയി ഉയർന്നു. 3,42,923 പേരാണ് ചികിത്സയിൽ കഴിയുന്നത്. 38,303 പേർ കൂടി രോഗമുക്തി നേടി. ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 76,57,17,137