പ്ലസ് വൺ പ്രവേശനം: വാരിക്കോരി ബോണസ് മാർക്ക്, ഫുൾ എ പ്ലസുകാരും പുറകിൽ

Friday 17 September 2021 12:00 AM IST

കോഴിക്കോട്: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കിന്റെ ബലത്തിൽ ഒട്ടനവധി പേർ മുന്നിലേക്ക് കയറിയെത്തിയപ്പോൾ ഫുൾ എ പ്ളസുകാർ പോലും പുറകിലായി. ട്രയൽ അലോട്ട്മെന്റിൽ ഇങ്ങനെ ഇരുട്ടടി നേരിടേണ്ടി വന്നത് ആയിരങ്ങൾക്കാണ്.

മുഴുവൻ വിഷയങ്ങൾക്കും ഫുൾ മാർക്ക് നേടിയതിനു പുറമെ പാഠ്യേതര സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികൾ കൂടിയായ വിദ്യാർത്ഥികളിൽ കുറയേറെ പേർക്ക് ആഗ്രഹിച്ച സ്കൂളോ കോമ്പിനേഷനോ ലഭിക്കാത്ത സാഹചര്യമാണ്. വെയ്‌റ്റിംഗ് ലിസ്റ്റിൽ പോലും ഇടം കിട്ടാത്തവർ കുറച്ചൊന്നുമല്ല. അതേസമയം, ചൊരി‌ഞ്ഞുകിട്ടിയ ബോണസ് മാർക്കുമായി പലരും ഉന്നതശതമാനക്കാർക്കും ഉയരെ സ്ഥാനം പിടിക്കുകയാണ്.

എസ്.എസ്.എൽ.സി പരീക്ഷയിലെ ഗ്രേഡിനു പുറമെ പത്താം ക്ലാസ് പഠിച്ച അതേ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിനു പരിഗണനയുണ്ട്. അതേ തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലോ താലൂക്കിലോ അഡ്മിഷൻ തേടുന്നവർക്കുമുണ്ട് മുൻഗണന.

ഒരു വിദ്യാർത്ഥിയ്ക്ക് 10 മാർക്ക് വരെയാണ് ബോണസ് പോയിന്റ് ലഭിക്കുക. ആധികാരികതയില്ലെങ്കിലും നീന്തൽ സർട്ടിഫിക്കറ്റിനും സ്ഥാനം കൈവന്നു. ചുരുക്കത്തിൽ, പരീക്ഷയിൽ ഉയർന്ന ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെയും മറി കടന്ന് ബോണസ് പോയിന്റുകാർ മുന്നിലെത്തുകയാണ്.

നീന്തൽ അറിയാവുന്നവർക്ക് മാത്രം നൽകേണ്ട സർട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങൾ യഥേഷ്ടം അനുവദിക്കുകയാണിപ്പോൾ. നീന്തലറിയാത്ത മഹാഭൂരിപക്ഷം കുട്ടികളും ഈ പോയിന്റിന് അർഹത നേടിക്കഴിഞ്ഞു. എന്നാൽ, നീന്തലറിയാവുന്ന എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട്സ് ആൻഡ് ഗെെഡ്സ് വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നമില്ല. പരമാവധി രണ്ടു പോയിന്റ് മാത്രമേ അവർക്ക് കിട്ടുന്നുള്ളൂ. രാജ്യപുരസ്കാർ നേടിയ ഒരു കുട്ടിയേക്കാൾ പരിഗണന പരീക്ഷയെഴുതാത്ത അതല്ലെങ്കിൽ പരീക്ഷയിൽ തോറ്റവർക്ക് കിട്ടാനുമിടയാവുന്നു.

എ പ്ലസുകാരുടെ എണ്ണം ഗണ്യമായി കൂടിയിരിക്കെ, അലോട്ട്‌മെന്റ് പ്രക്രിയയിൽ ടൈ ബ്രേക്ക് ചെയ്യുന്നത് ജനനതീയതിയും പേരിന്റെ ആൽഫബെറ്റ് ‌ക്രമവും അനുസരിച്ചാണ്. അക്ഷരമാലയിലെ അവസാനമാണ് പേരിന്റെ തുടക്കത്തിലെ അക്ഷരമെങ്കിൽ അങ്ങനെയും പുറകിലായിപ്പോവുന്നവരുണ്ട്.

ലിറ്റിൽ കൈറ്റ്സിലുള്ളവരെ എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട്സ് ആൻഡ് ഗെെഡ്സ് നിരയിൽ ഉൾപ്പെടുത്താതെ ഈ വർഷം മുതൽ ഒരു പോയിന്റ് അധികമായി നൽകിയതും കുട്ടികൾക്കിടയിൽ പരാതിയ്ക്കിടയാക്കുകയാണ്. ലിറ്റിൽ കൈറ്റ്സ് - നീന്തൽ സർട്ടിഫിക്കറ്റാവുമ്പോൾ 3 പോയിന്റ് ലഭിക്കുന്നുണ്ട്.

ബോണസ് പോയിന്റ് പ്രവാഹത്തിലുള്ള മെറിറ്റ് അട്ടിമറി തടയണമെന്നു നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. ഇതുവരെ പക്ഷേ, ആ വഴിയ്ക്ക് ആലോചനയൊന്നുമുണ്ടായിട്ടില്ല.

മേളകളുടേതുൾപ്പടെ മറ്റെല്ലാ ബോണസ് പോയിന്റും ഒഴിവാക്കിയതുപോലെ നീന്തലിന്റെ അധികമാർക്ക് എടുക്കാതെ, എസ്.എസ്.എൽ.സിയ്ക്ക് ഓരോ വിഷയത്തിനും നേടിയ മാർക്ക് മാത്രം പരിഗണിക്കുന്ന രീതി വന്നാൽ പ്രശ്നം തീരുമെന്നാണ് പുറകിലാക്കപ്പെട്ട വിദ്യാർത്ഥികളെന്ന പോലെ രക്ഷിതാക്കളും പറയുന്നത്.

Advertisement
Advertisement