ശങ്കേഴ്സിന്റെ ലക്ഷ്യം ലാഭമല്ല, സേവനം: വെള്ളാപ്പള്ളി നടേശൻ

Friday 17 September 2021 12:26 AM IST
റൗണ്ട് ടേബിൾ ഇന്ത്യ, ഫോർട്ടി വണ്ണേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ എന്നീ സംഘടനകൾ ശങ്കേഴ്സ് ആശുപത്രിയിൽ സജ്ജമാക്കിയ അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് വാർഡിന്റെ ഡിസ്‌പ്ളേ കാർഡ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് റൗണ്ട് ടേബിൾ ഇന്ത്യ ഏരിയ വൺ ചെയർമാൻ പെപ്സിൻ രാജ്, കൊല്ലം റൗണ്ട് ടേബിൾ 85 ചെയർമാൻ ആശിഷ് വിജയകുമാർ എന്നിവർ ചേർന്ന് കൈമാറുന്നു. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി. സുന്ദരൻ, മുത്തോടം അനിൽ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, ഫോർട്ടി വണ്ണേഴ്സ് ക്വയിലോൺ ക്ലബ് സെക്രട്ടറി നാരായൺ കുമാർ എന്നിവർ സമീപം

കൊല്ലം: ശങ്കേഴ്സ് ആശുപത്രിയുടെ ലക്ഷ്യം സാമ്പത്തിക ലാഭമല്ല, സേവനമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. റൗണ്ട് ടേബിൾ ഇന്ത്യ, ഫോർട്ടി വണ്ണേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ എന്നീ സംഘടനകൾ സംയുക്തമായി ശങ്കേഴ്സ് ആശുപത്രിക്ക് സമർപ്പിച്ച അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് വാർഡ് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

എസ്.എൻ ട്രസ്റ്റിൽ നിന്നു കോടികൾ നൽകിയാണ് ശങ്കേഴ്സ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. ഒപ്പം മെച്ചപ്പെട്ട ചികിത്സയും ലഭ്യമാക്കുന്നു. കൊവിഡ് കാലത്ത് നിരവധി പേർക്കാണ് ആശുപത്രി ആശ്രയമായത്. ഇത്തരമൊരു സ്ഥാപനത്തെ സഹായിക്കാൻ തയ്യാറായ 'റൗണ്ട് ടേബിൾ 85' എന്ന സംഘടനയോട് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്.എൻ ട്രസ്റ്റ് ഡയറക്ടർ പ്രീതി നടേശൻ ഭദ്രദീപം തെളിയിച്ചു. ഫോർട്ടി വണ്ണേഴ്സ് ക്വയിലോൺ ക്ലബ്ബ് സെക്രട്ടറി നാരായൺ കുമാർ കൊവിഡ് വാർഡ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി. സുന്ദരൻ, അനിൽ മുത്തോടം, റൗണ്ട് ടേബിൾ ഇന്ത്യ ഏരിയ വൺ ചെയർമാൻ പെപ്സിൻ രാജ്, കൊല്ലം റൗണ്ട് ടേബിൾ 85 ചെയർമാൻ ആശിഷ് വിജയകുമാർ എന്നിവർ സംസാരിച്ചു.

 യൂണിയനുകളുടെ സഹായഹസ്തം

ശങ്കേഴ്സ് ആശുപത്രിക്ക് കരുനാഗപ്പള്ളി യൂണിയൻ വാങ്ങിയ വെന്റിലേറ്റർ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജനും കൊല്ലം യൂണിയൻ വാങ്ങിയ വെന്റിലേറ്റർ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ എന്നിവരും ചേർന്ന് വെള്ളാപ്പള്ളി നടേശന് കൈമാറി. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കുണ്ടറ യൂണിയന്റെ സാമ്പത്തിക സഹായം സെക്രട്ടറി അഡ്വ. അനിൽകുമാറും പുനലൂർ യൂണിയന്റെ സഹായം പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ. സതീഷ് കുമാർ, ജി. ബൈജു എന്നിവർ ചേർന്നും കൈമാറി.

 ചൈൽഡ് ഡെവലപ്മെന്റ് സെന്റർ

ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം ലഭ്യമാക്കാൻ ശങ്കേഴ്സ് ആശുപത്രിയിൽ ആരംഭിച്ച ചൈൽഡ് ഡൈവലപ്മെന്റ് സെന്റർ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. എട്ടോളം ഡോക്ടർമാർ അടങ്ങുന്ന സംഘത്തിനാണ് കേന്ദ്രത്തിന്റെ ചുമതല.

Advertisement
Advertisement