ഒക്ടോബർ ഏഴ് വരെ സേവാ ഒൗർ സമർപ്പൺ അഭിയാൻ

Friday 17 September 2021 1:50 AM IST

മോദി ഭരണാധികാരിയായതിന്റെ 20 വർഷവും 71-ാം പിറന്നാളും ബി.ജെ.പി ആഘോഷിക്കുന്നത് 20 ദിവസം നീണ്ട സേവാ ഔർ സമർപ്പൺ അഭിയാൻ പരിപാടിയിലൂടെ. ഗുജറാത്തിൽ ആദ്യമുഖ്യമന്ത്രിയായതിന്റെ വാർഷികദിനമായ ഒക്‌ടോബർ 17വരെയാണ് ആഘോഷം.

ഈ ദിവസങ്ങളിൽ രക്തദാന ക്യാമ്പുകൾ, മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രദർശനങ്ങൾ, ഭിന്നശേഷിക്കാർക്ക് കൃത്രിമക്കാൽ വിതരണം തുടങ്ങിയ പരിപാടികളുണ്ടാകും. പ്രധാനമന്ത്രിക്ക് അഭിനന്ദനവും ആശംസകളും നേർന്ന് ബൂത്തുതലങ്ങളിൽ നിന്ന് അഞ്ചുകോടി പോസ്റ്റ് കാർഡുകൾ അയയ്ക്കാൻ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ സംസ്ഥാന ഘടകങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. 'പാവങ്ങൾക്കുള്ള സൗജന്യ ഭക്ഷണത്തിനും വാക്സിനേഷനും നന്ദി' എന്നെഴുതി മോദിയുടെ ചിത്രവും വച്ച ഹോർഡിംഗുകൾ രാജ്യമെമ്പാടും സ്ഥാപിക്കും.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം ഭക്ഷ്യധാന്യ വിതരണവും നടത്തും. നമോ ആപ്പ് വഴിയുള്ള വെർച്വൽ പിറന്നാൾ ആഘോഷങ്ങളുമുണ്ടാകും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിൽ ഗംഗാനദി ശുചീകരണ പ്രവൃത്തിയും പദ്ധതിയിട്ടിട്ടുണ്ട്.

ഇതിനൊപ്പം സെപ്തംബർ 25ന് ആർ.എസ്.എസ് - ജനസംഘ് നേതാവ് ദീൻദയാൽ ഉപാദ്ധ്യായയുടെ ജന്മദിനാഘോഷവും ഒക്ട‌ോബർ രണ്ടിന് ഗാന്ധിജയന്തിയും ആചരിക്കും. ഖാദി പ്രചാര പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

Advertisement
Advertisement