ഡിജിറ്റൽ ലോകത്തെ നക്ഷത്രത്തിളക്കം

Friday 17 September 2021 1:59 AM IST

ഡിജിറ്റൽ മീഡിയ രംഗത്ത് ഏറ്റവും സ്വാധീനശക്തിയുള്ള ലോകനേതാവാണ് എഴുപത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. മാർപാപ്പ, ഒബാമ തുടങ്ങിയവർക്കൊപ്പം ലോകത്ത് ഏറ്റവും സ്വീകാര്യൻ. ഇ - മെയിൽ, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ ഡിജിറ്റൽ മീഡിയകളിലൂടെയുള്ള അദ്ദേഹത്തിന്റെ അനുയായികളുടെ എണ്ണം 50കോടിയ്ക്കടുത്ത് വരും. ഇത്രയധികം പേരെ ബന്ധപ്പെടുന്ന മറ്റൊരു നേതാവ് ലോകത്തില്ല. പി.എം.ഒ. അക്കൗണ്ടുകളും നമോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുമൊക്കെയായി നേരിട്ടല്ലാതെ മോദി ബന്ധപ്പെടുന്ന അക്കൗണ്ടുകളിലെ അംഗങ്ങൾ ഇതിന്റെ പതിന്മടങ്ങ് വരും.

സാമൂഹ്യമാദ്ധ്യമങ്ങളിലെ വിജയം നിലനിറുത്താൻ ഏറെ പ്രയാസമാണ്. ആത്മാർത്ഥതയും ആർജ്ജവവുമുള്ള സമീപനങ്ങളാണ് സോഷ്യൽ മീഡിയയിൽ മോദിയെ പ്രിയങ്കരനാക്കുന്നത്. ട്വിറ്ററിലൂടെയുള്ള നിവേദനങ്ങൾക്ക് ഉടനടി പരിഹാരം ലഭിക്കും. ട്വിറ്ററിൽ ഷാൾ ചോദിച്ച യുവതിക്ക് പിറ്റേന്നുതന്നെ അതെത്തിച്ച് നൽകിയും പുതുവത്സരത്തലേന്ന് ആശംസകളയയ്‌ക്കാതെ രാജ്യത്തിന്റെ ഒരു വർഷത്തെ വികസനം വിവരിക്കുന്ന വീഡിയോ ഷെയർ ചെയ്തുമുള്ള അദ്ദേഹത്തിന്റെ ട്വിസ്‌റ്റുകൾ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.

കൊവിഡ് മോദിയുടെ ഡിജിറ്റൽ സ്വീകാര്യത കൂട്ടി. ഭരണസുതാര്യത, സർക്കാരിന്റെ കരുതൽ, സർക്കാരിനെക്കുറിച്ചുള്ള പരാതികൾ എല്ലാം ജനം നേരിട്ട് പ്രധാനമന്ത്രിയെ അറിയിച്ചു. ഇത് നൽകിയ നേട്ടം ചെറുതല്ല. ഏറെ പ്രിയങ്കരനായ, ഒന്നും മറച്ചുവയ്ക്കാത്ത, സുഹൃത്തും നേതാവുമെന്നതാണ് സോഷ്യൽ മീഡിയയിലൂടെ മോദി കൈവരിച്ച പ്രതിച്ഛായ.

അണിയറയിൽ ഡോ.ഹിരേൺ ജോഷി

നല്ലതു കണ്ടാൽ അപ്പോൾത്തന്നെ ഉയർത്തിയെടുക്കുന്നതാണ് മോദിയുടെ ശൈലി. അങ്ങനെ എടുത്തതാണ് ഡോ.ഹിരേൺ ജോഷിയെ. 2008 ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഐ.ടി.എൻജിനിയർമാർക്കായി ഒരു ഇവന്റ് നടത്തി. അന്ന് സർക്കാർ കൊണ്ടുവന്ന പ്രസന്റേഷൻ പലപ്പോഴും തടസപ്പെടുകയും തെളിച്ചമില്ലാത്തതുമായി. സാങ്കേതിക വിദഗ്ദ്ധർ തോറ്റുമടങ്ങിയപ്പോൾ സദസിൽ നിന്നാെരാളെത്തി മിനിറ്രുകൾക്കകം എല്ലാം ശരിയാക്കി. ആളെ മോദിക്ക് നന്നായി ബോധിച്ചു. പരിപാടി കഴിഞ്ഞപ്പോൾ ആ മനുഷ്യനെ തേടിപ്പിടിച്ച് മോദി ചോദിച്ചു. 'പോരുന്നോ കൂടെ?. ' അന്ന് മോദിക്കൊപ്പം കൂടിയതാണ് രാജസ്ഥാനിലെ ദിൽവാദ ജില്ലക്കാരനായ ഹിരേൺജോഷി. ഇലക്ട്രോണിക്‌സിൽ എംടെക്കും ഗ്വാളിയോറിലെ ഐ.ഐ.ടി.എമ്മിൽ നിന്ന് പിഎച്ച്. ഡി.യും എടുത്ത ഹിരേൺ ദിൽവാദയിലെ മാണിക്യലാൽവർമ്മ കോളേജിലെ അസി.പ്രൊഫസറുമായിരുന്നു.

ഹിരേണിന് കീഴിൽ മോദിയുടെ ഡിജിറ്റൽ മീഡിയ ആർമിയുടെ വലിപ്പം ആർക്കുമറിയില്ല. പ്രധാനമന്ത്രിയുടെ ഒാഫീസിൽ സോഷ്യൽ മീഡിയയ്ക്കെന്ന് പറഞ്ഞ് ചെലവൊന്നുമില്ല. മോദി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അദ്ദേഹത്തിന്റെ വ്യക്തിഗതമാണ്. ഡിജിറ്റൽ മീഡിയയ്ക്കായി പ്രത്യേക സ്റ്റാഫില്ലെന്നാണ് വിവരാവകാശത്തിന് കിട്ടിയ മറുപടി. 34 എം.പി.പി.എസാണ് മോദിയുടെ മൊബൈൽ ഫോണിന്റെ ഇന്റർനെറ്റ് സ്പീഡ്.

മോദിയുടെ മന്ത്രം

മോദിയുടെ മന്ത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ക്ളിക്ക്. മേക്ക് ഇൻ ഇന്ത്യ, സ്വച്ഛ ഭാരത് അഭിയാൻ, ബേട്ടി ബചാവോ ബേട്ടിപഠാവോ, സ്കിൽ ഡവലപ്മെന്റ് സ്കീം, തുടങ്ങിയവ സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്ത മോദി മന്ത്രങ്ങളാണ്.

മോദിയുടെ ഡിജിറ്റൽ വിജയ സൂചകങ്ങൾ

ഇ - മെയിൽ - മാസം 20 കോടി സന്ദേശങ്ങൾ

ഫേസ് ബുക്ക് - 4.60കോടി ഫോളോവേഴ്സ്

ട്വിറ്റർ - 6.80 കോടി അംഗങ്ങൾ

യൂട്യൂബ് - 8.79 കോടി കാഴ്ചക്കാർ, 14000 വീഡിയോകൾ

ഇൻസ്റ്റഗ്രാം - 5.61കോടി ബന്ധങ്ങൾ

മോദിക്കിഷ്ടം ട്വിറ്റർ

ആദ്യം തുടങ്ങിയതും എപ്പോഴും കൊണ്ടുനടക്കുന്നതും ട്വിറ്ററാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ രണ്ട് അക്കൗണ്ടുകളാണ് ട്വിറ്ററും യൂട്യൂബും. ജനങ്ങളുമായി പെട്ടെന്ന് സംവദിക്കാൻ ട്വിറ്ററും ഫലപ്രദമായി മനസിൽ കയറാൻ യൂട്യൂബും. അതായിരുന്നു രീതി. പിന്നീടാണ് ഫേസ് ബുക്കും ഇൻസ്റ്റഗ്രാമുമൊക്കെ മോദിയുടെ കൈക്കുള്ളിലെത്തിയത്. ട്വിറ്ററിൽ ലോകത്ത് 12-ാമത്തെ റാങ്കാണ് മോദിക്ക്. ഒരു ഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റിനെയും മാർപാപ്പയേയും വരെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തി. ഇപ്പോഴും മോദിയുടെ പ്രതികരണം ആദ്യമെത്തുക ട്വിറ്ററിലാണ്.

Advertisement
Advertisement