അഭിമാന നേട്ടത്തിന്റെ നെറുകയിൽ തെരേസാസ് രാജ്യത്തെ മികച്ച കോളേജുകളിൽ 45-ാം സ്ഥാനം

Saturday 18 September 2021 12:50 AM IST

കൊച്ചി: രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിന് അഭിമാന നേട്ടം. ഇന്ത്യയിലെ 15000ൽ അധികം കോളേജുകളിൽ 45-ാം സ്ഥാനമാണ് സെന്റ് തെരേസാസ് കൈവരിച്ചത്.

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് എല്ലാ വർഷവും എൻ.ഐ.ആർ.എഫ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക്) റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. അദ്ധ്യാപനം, അദ്ധ്യാപകരുടെ ഗുണനിലവാരം, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ധനവിനിയോഗം, അക്കാദമിക് പ്രവർത്തനങ്ങൾ, ഉന്നത വിദ്യാഭ്യാസവും ജോലിയും കൈവരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം എന്നിവയെല്ലാം പരിഗണിച്ചാണ് വർഷം തോറും എൻ.ഐ.ആർ.എഫ് റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. മാനേജ്‌മെന്റിന്റെയും അദ്ധ്യാപക,അനദ്ധ്യാപകരുടെയും ചിട്ടയായ പ്രവർത്തന ഫലമാണ് കോളേജിന് നേട്ടം കൈവരിക്കാൻ സഹായകരമായതെന്ന് മാനേജർ ഡോ. സി. വിനീതയും പ്രിൻസിപ്പൽ ഡോ. ലിസി മാത്യുവും പറഞ്ഞു.

2019 ൽ നടന്ന നാക് അക്രഡിറ്റേഷനിൽ കോളേജിന് ഉന്നതാംഗീകരമായ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. 2014 ൽ സ്വയംഭരണ പദവി കിട്ടിയ കോളേജിൽ വിവിധ വിഷയങ്ങളിലായുള്ള 60 കോഴ്‌സുകളിലായി 4000 കുട്ടികൾ പഠിക്കുന്നുണ്ട്. 2025 ൽ ശതാബ്ദി ആഘോഷിക്കുന്ന സെന്റ്. തെരേസാസ് കോളേജ് സംസ്ഥാനത്തെ ആദ്യ വനിതാ സർവകലാശാല പദവി കൈവരിക്കാനുള്ള പ്രയത്‌നത്തിലാണ്.

Advertisement
Advertisement