പിന്തുണച്ച് സി.പി.എമ്മും,​ 'പാലാ ബിഷപ്പിന് ദുരുദ്ദേശമുള്ളതായി കരുതുന്നില്ല'

Saturday 18 September 2021 3:52 AM IST

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ ചൊല്ലി വിവാദം തുടരവേ, പാലാ ബിഷപ്പിന് എന്തെങ്കിലും ദുരുദ്ദേശമുണ്ടായതായി കരുതുന്നില്ലെന്ന് വ്യക്തമാക്കി സി.പി.എമ്മും. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചിലർ നടത്തിയ തെറ്റായ പ്രചാരണങ്ങളും പ്രസ്താവനകളും ചില ന്യൂനപക്ഷ വിഭാഗങ്ങളിൽ വിഭാഗീയത വളർത്താനാകുമോയെന്ന പരിശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലുള്ള എ.വിജയരാഘവൻ പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവനയിൽ നിന്ന് സംഘർഷത്തിന്റെ വിത്ത് വിതയ്ക്കുന്ന വ്യാഖ്യാനങ്ങളുണ്ടാക്കി വർഗീയതയുണ്ടാക്കാനുള്ള ശ്രമമാണ് ചില ശക്തികളും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ചില മാദ്ധ്യമങ്ങളും നടത്തിയത്. ബി.ജെ.പി അവരുടെ പതിവ് സ്വഭാവമനുസരിച്ച് വർഗീയ മുതലെടുപ്പിന് ശ്രമിച്ചു. കോൺഗ്രസിന്റേത് ചാഞ്ചാട്ടമുള്ള നിലപാടായി. അതിന് സ്വീകാര്യത കിട്ടാതെ പോയത് മുഖ്യമന്ത്രി വ്യക്തതയുള്ള നിലപാടെടുത്തതുകൊണ്ടാണ്.

കേരളത്തിൽ സമാധാനാന്തരീക്ഷം നിലനിറുത്താനുള്ള നല്ല മുൻകൈ സി.പി.എമ്മിൽ നിന്നുണ്ടാകും. ചില പ്രായോഗിക സമീപനങ്ങളും കൈക്കൊള്ളും. എത്ര പക്വമായാണ് വിഷയം കേരള സർക്കാർ കൈകാര്യം ചെയ്തത്. വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതിന് സർക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഭൂരിപക്ഷ ജനതയിൽ മാത്രമല്ല, ചില ന്യൂനപക്ഷ വിഭാഗങ്ങളിലും വിഭാഗീയത വളർത്താനാകുമോയെന്നാണ് ബി.ജെ.പി നോക്കിയത്.

ചില വ്യക്തികളോ ഏതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം ഒരു മതത്തിന് മേലെ അടിച്ചേല്പിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് തെറ്റിദ്ധാരണയുടെ പുറത്താണ്. ബി.ജെ.പിയും മറ്റു ചില സംഘടനകളും മതനിരപേക്ഷതയ്ക്ക് പോറലേല്പിക്കാൻ നല്ല പരിശ്രമം നടത്തി. മതനിരപേക്ഷതയെയും സമാധാനാന്തരീക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനെതിരെ ജനതയെ അണിനിരത്താൻ ശക്തമായ പ്രചാരണം സി.പി.എം നടത്തും. പ്രത്യേക ചട്ടക്കൂടിലല്ല വർഗീയത പ്രവർത്തിക്കുക. ഏത് രൂപത്തിലായാലും എവിടെയായാലും അതിനെ എതിർക്കുകയാണ് സി.പി.എം നിലപാടെന്ന് വിജയരാഘവൻ പറഞ്ഞു.