പണിയെടുക്കാത്തവർ പുറത്താകും: കെ. സുധാകരൻ, 3000 കേഡർമാർ റെഡി

Saturday 18 September 2021 10:19 PM IST

കൊച്ചി: ആറു മാസത്തിനുശേഷം ഡി.സി.സി അദ്ധ്യക്ഷൻമാരുടെ പ്രവർത്തനം വിലയിരുത്തുമെന്നും ഏല്പിച്ച ചുമതലകൾ നിറവേറ്റാത്ത നേതാക്കൾക്ക് പുറത്തുപോകേണ്ടിവരുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കൊച്ചിയിൽ ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവേ നടത്തി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ മാറ്റങ്ങൾ വരുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് സർവേകൾ നടത്തി. എറണാകുളത്ത് സർവേ നടന്നുവരികയാണ്. കേഡർ സംവിധാനം എന്താണെന്ന് പ്രവർത്തകരെ പഠിപ്പിക്കും. കേഡർ എന്നതുകൊണ്ട് തീവ്രഅച്ചടക്കമല്ല, പാർട്ടിയോടുള്ള സമർപ്പണമാണ് ഉദ്ദേശിക്കുന്നത്. 3000 പേർ കേഡർമാരായി ബൂത്തുതലത്തിൽ പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 നക്കിപ്പൂച്ചപോലും പറഞ്ഞില്ല

ഡി.സി.സി അദ്ധ്യക്ഷനാക്കണമെന്ന് കെ.പി. അനിൽകുമാർ ആവശ്യപ്പെട്ടതല്ലാതെ ഒരു നക്കിപ്പൂച്ച പോലും ഇക്കാര്യം തന്നോട് പറഞ്ഞില്ലെന്ന് കെ. സുധാകരൻ പറഞ്ഞു. ഒറ്റയാന്മാരായി പ്രവർത്തിക്കുന്ന കള്ളനാണയങ്ങളാണ് പാർട്ടി വിട്ടത്. പാർട്ടിയെ അനാവശ്യമായി വിമർശിച്ചാൽ അച്ചടക്കത്തിന്റെ വാൾ വരും. മുതിർന്ന നേതാക്കളെ സമൂഹമാദ്ധ്യമങ്ങളിൽ അപമാനിക്കുന്നവർക്കെതിരെ നടപടി വേണ്ടിവരും.