എൻജി. പ്രവേശനം: പ്ളസ് ടു മാർക്ക് പരിഗണിക്കരുതെന്ന ഹർജി തള്ളി

Friday 17 September 2021 10:53 PM IST

കൊച്ചി: എൻജിനിയറിംഗ് പ്രവേശനത്തിന് ഇത്തവണ പ്ളസ്ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. എന്നാൽ സുപ്രീംകോടതി അനുവദിച്ച ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതിയ കുട്ടികൾക്ക് ഫലപ്രഖ്യാപനം വരുന്ന മുറയ്ക്ക് മാർക്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ സമയം നീട്ടിനൽകണമെന്ന് എൻട്രൻസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറിന്റേതാണ് വിധി.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്ളസ്ടു പരീക്ഷ ഇത്തവണ നടത്തിയിരുന്നില്ല. അതിനാൽ എൻജിനിയറിംഗ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്കിനൊപ്പം പ്ളസ്ടുവിന്റെ മാർക്ക് പരിഗണിക്കരുതെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ,​ സുപ്രീംകോടതി അംഗീകരിച്ച ഒരു സ്കീംപ്രകാരം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലപ്രഖ്യാപനം നടത്തിയിരുന്നെന്നും ഈ മാർക്ക് എൻജിനിയറിംഗ് പ്രവേശനത്തിനു പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും സർക്കാർ വാദിച്ചു. പത്ത്,​ പതിനൊന്ന് ക്ളാസിലെ മാർക്ക് കൂടി പരിഗണിച്ചായിരുന്നു ഫലപ്രഖ്യാപനം. ഇത് അംഗീകരിച്ചാണ് സിംഗിൾബെഞ്ച് ഹർജികൾ തള്ളിയത്.