പ്ലസ് വൺ ഓഫ് ലൈൻ പരീക്ഷ നടത്താം, സുപ്രീംകോടതി അനുമതി

Friday 17 September 2021 11:58 PM IST

ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താൻ സുപ്രീംകോടതി അനുമതി നൽകി. പരീക്ഷ നടത്താൻ തീരുമാനിച്ച കാരണങ്ങൾ വിശദീകരിച്ച് സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്‌മൂലം എല്ലാ സന്ദേഹങ്ങളും നീക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് ഇടക്കാല സ്റ്റേ പിൻവലിച്ച് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. പരീക്ഷ നടത്തിപ്പിനെതിരെയുള്ള തിരുവനന്തപുരം സ്വദേശി റസൂൽഷായുടെ ഹർജി തള്ളുകയും ചെയ്തു.

സെപ്തംബർ മൂന്നാം വാരത്തോടെ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ സ്റ്റേ ചെയ്തതെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ വിശദീകരിച്ചു. നിലവിൽ ആ ആശങ്കയില്ല. അതിനാൽ ഇടക്കാല ഉത്തരവ് പിൻവലിക്കുന്നു. ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത സാങ്കേതിക സർവകലാശാലാ പരീക്ഷ ഓഫ് ലൈനായി ആഗസ്റ്റിൽ നടത്തി. ഏഴ് ലക്ഷം പേർ ഓഫ്‌ലൈനായി നീറ്റും എഴുതി. അതിനാൽ കേരളത്തിന്റെ വിശദീകരണത്തിൽ തൃപ്തരാണ്. കുട്ടികൾക്ക് ഒരു തരത്തിലുള്ള പ്രതികൂല സാഹചര്യവും ഉണ്ടാകാത്ത വിധം മുൻകരുതൽ എടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

സർക്കാരിന്റെ സത്യവാങ്‌മൂലം തൃപ്തികരമല്ലെന്നും കോടതി തന്നെ നേരത്തെ ഉന്നയിച്ച പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമില്ലെന്നും പരാതിക്കാരന്റെ അഭിഭാഷകൻ പ്രശാന്ത് പദ്മനാഭൻ വാദിച്ചെങ്കിലും തള്ളിക്കളഞ്ഞു.

ഈ മാസം ആറിന് നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മൂന്നിനാണ് സ്‌റ്റേ ചെയ്തത്. തുടർന്നാണ് പരീക്ഷ നടത്താനുള്ള തയാറെടുപ്പുകൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്‌മൂലം നൽകിയത്. ഓഫ്‌ലൈൻ പരീക്ഷ നടത്തിയാൽ ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിയുമെന്നും ഏപ്രിലിൽ ലക്ഷണക്കിന് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകൾ സുഗമമായി നടത്തിയെന്നും വിശദീകരിച്ചിരുന്നു.

Advertisement
Advertisement