പ്‌ളസ് വൺ, വി എച്ച് എസ് ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു, പരീക്ഷകൾക്കിടയിൽ അഞ്ച് ദിവസം വരെ ഇടവേള

Saturday 18 September 2021 2:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പ്‌ളസ് വൺ, വി എച്ച് എസ് ഇ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെ പ്‌ളസ് വൺ പരീക്ഷയും സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 13 വരെ വി എച്ച് എസ് ഇ പരീക്ഷകളും നടത്താൻ വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലതല യോഗം തീരുമാനിച്ചു.

എല്ലാ ദിവസവും രാവിലെയായിരിക്കും പരീക്ഷകൾ നടത്തുക. ഓരോ പരീക്ഷയുടേയും ഇടക്കുള്ള ഇടവേള അഞ്ച് ദിവസം വരെയാക്കി ഉയർത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യപ്രകാമാണ് പരീക്ഷാ ദിവസങ്ങൾക്കിടയിലുള്ള ഇടവേള വർദ്ധിപ്പിച്ചതെന്നും പൂർണമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാകും പരീക്ഷകൾ നടത്തുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി, പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും ഇനി രജിസ്റ്റർ ചെയ്യാനിരിക്കുന്നവർക്കും വേണ്ടി പ്രത്യേകം പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും അനുമതി ലഭിച്ചതിനു ശേഷമാണ് പരീക്ഷ നടത്തുന്നതെന്നും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന് ആവശ്യമായ ഇടവേള ടൈം ടേബിളിൽ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാദ്ധ്യമങ്ങളെ അറിയിച്ചു.