ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു

Saturday 18 September 2021 5:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത്. നവംബർ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ആയിരിക്കും സ്കൂളുകൾ തുറക്കുക. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരമാസം അടച്ചിട്ട ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പായി നൽകേണ്ട മുന്നൊരുക്കങ്ങൾക്കുള്ള നിർദേശങ്ങളും അവലോകന യോഗത്തിൽ ഉയർന്നു വന്നിരുന്നു. നേരത്തെ ഒക്ടോബർ നാലിന് കോളേജുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു.

സ്കൂളുകൾ തുറക്കുന്ന തീയതിയും ഏതൊക്കെ സ്കൂളുകളാണ് ആദ്യ ഘട്ടത്തിൽ തുറക്കുന്നത് എന്നതു സംബന്ധിച്ച കാര്യങ്ങളും മുഖ്യമന്ത്രി പിന്നീട് അറിയിക്കും. ആദ്യ ഘട്ടത്തിൽ ഒൻപത് മുതലുള്ള ക്ളാസുകളായിരിക്കും തുടങ്ങുക. പ്രൈമറി തല ക്ളാസുകൾ ഉടൻ ആരംഭിക്കാൻ സാദ്ധ്യതയില്ല. സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യത്തിൽ സർക്കാർ നിരവധി ചർച്ചകളും നടത്തിയിരുന്നു.

നിലവിൽ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പിന് കൂടുതൽ ശ്രദ്ധ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. പരീക്ഷയുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി അനുവാദം നൽകിയതിനാൽ സ്കൂളുകൾ തുറക്കുന്നതിലും വലിയ തടസ്സമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. സെപ്തംബർ 30നകം സംസ്ഥാനത്തെ 80 ശതമാനം ആൾക്കാർക്കും വാക്സിൻ നൽകുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം വിജയകരമായി നടപ്പിലാക്കിയാൽ സ്കൂളുകൾ തുറക്കുക എന്ന കടമ്പ സർക്കാരിന് കുറച്ചു കൂടി എളുപ്പമായിരിക്കും.

അതെ സമയം ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതടക്കം കൂടുതൽ ഇളവുകളിലേക്ക് ഇന്നത്തെ അവലോകനയോഗവും കടന്നില്ല.നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ തുറക്കാനും അനുമതി നൽകിയിട്ടില്ല.

Advertisement
Advertisement