അട്ടിക്കൂലി നിയമവിരുദ്ധവും നിന്ദ്യവുമെന്ന് ഹൈക്കോടതി

Saturday 18 September 2021 10:42 PM IST

കൊച്ചി: ഏതു സ്ഥാപനത്തിലായാലും അർഹമായ കയറ്റിയിറക്കു കൂലിക്കു പുറമേ തൊഴിലാളികൾക്ക് അട്ടിക്കൂലി നൽകുന്ന ഏർപ്പാട് അങ്ങേയറ്റം നിന്ദ്യവും നിയമ വിരുദ്ധവുമാണെന്ന് ഹൈക്കോടതി. റേഷൻ സാധനങ്ങൾ കയറ്റിയിറക്കുന്നതിനുള്ള കൂലിക്കു പുറമേ ചുമട്ടു തൊഴിലാളികൾക്ക് അട്ടിക്കൂലി കൂടി നൽകണമെന്ന ആലപ്പുഴ ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ് സ്‌റ്റേ ചെയ്താണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം പറഞ്ഞത്. കരാറുകാർ ചുമട്ടു തൊഴിലാളികൾക്ക് അട്ടിക്കൂലി നൽകണമെന്ന് സപ്ളൈകോയുമായുള്ള കരാറിലും വ്യവസ്ഥയുണ്ട്. ഇതിനെതിരെ സപ്ളൈകോ കരാറുകാരൻ എറണാകുളം സൗത്ത് കളമശേരി സ്വദേശി എൻ.എ. സുധീർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. എഫ്.സി.ഐയുടെ തൊഴിലാളികളായ ചുമട്ടുകാർ കേരള ഹെഡ്ലോഡ് വർക്കേഴ്സ് ആക്ടിന്റെ പരിധിയിൽ വരില്ല. ആ നിലയ്ക്ക് ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നും ഹൈക്കോടതി വിലയിരുത്തി. നേരത്തെ പാലക്കാട് ജില്ലാ ലേബർ ഓഫീസർ നൽകിയ സമാന ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.