അടഞ്ഞ ദിനങ്ങൾക്ക് വിട, നവംബർ ഒന്നിന് സ്കൂൾപ്പിറവി
തിരുവനന്തപുരം: ഒന്നര വർഷമായി കൊവിഡ് ഭീതിയിൽ അടഞ്ഞു കിടന്ന വിദ്യാലയമുറ്റങ്ങൾക്കും ക്ളാസ് മുറികൾക്കും ജീവൻ പകർന്ന് കുട്ടികൾ വീണ്ടുമെത്തുന്നു. കർശന നിയന്ത്രണങ്ങളോടെയാണ് നവംബർ ഒന്നിന്
ക്ളാസുകൾ തുടങ്ങുന്നത്. എല്ലാ ക്ളാസുകളിലുമായി 45 ലക്ഷത്തോളം വിദ്യാർത്ഥികളാണ് വീടിനു പുറത്തുള്ള പഠനലോകത്തേക്ക് ഇറങ്ങുന്നത്. ഓൺലൈൻ ക്ളാസിന്റെ പരിമിതികളിൽ നിന്ന് പുറത്തുകടക്കുന്നതിന്റെ ആശ്വാസത്തിലാണ് അവർ.
ഒന്നു മുതൽ ഏഴുവരെയുള്ള ക്ളാസുകളും പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ളാസുകളും നവംബർ ഒന്നിന് തുടങ്ങാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ ധാരണയായത്. പതിനഞ്ചോടെ എല്ലാ ക്ളാസുകളും തുടങ്ങാനാണ് നീക്കം. 15 ദിവസം മുമ്പ് മുന്നൊരുക്കം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. എന്തൊക്കെ സംവിധാനങ്ങളും മുൻകരുതലും സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും.
ക്ളാസ് ഒന്നിടവിട്ട ദിവസങ്ങളിലാണാേ, ഷിഫ്ട് അടിസ്ഥാനത്തിലാണോ, ഉച്ചവരെ മതിയോ, ഒരു ബെഞ്ചിൽ എത്ര കുട്ടികൾ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇരുവകുപ്പകളും ചേർന്ന് തീരുമാനിക്കേണ്ടത്.
പ്രൈമറി ക്ളാസുകൾ ആദ്യം തുടങ്ങാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതും കുട്ടികളിൽ രോഗം ഗുരുതരമാകാത്തതും സ്കൂൾ തുറക്കുന്നതിന് അനുകൂലഘടകമായി.
യാത്ര
- പൊതു വാഹനങ്ങളിലെ യാത്ര ഒഴിവാക്കണം
- സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറയ്ക്കാൻ പാടില്ല
- ദിവസവും സ്കൂൾ ബസ് അണുവിമുക്തമാക്കണം
- സ്കൂൾ ബസ് ഇല്ലാത്തവരെ രക്ഷിതാക്കൾ കൊണ്ടുവിടണം.
കുട്ടികൾ അറിയാൻ
- രോഗപ്രതിരോധശേഷി കുറഞ്ഞവർ വരേണ്ടതില്ല
- കൂട്ടം കൂടാനോ, കളിക്കാനാേ പാടില്ല
- ക്ളാസ് മുറികളിൽ തന്നെ ഇരിക്കണം
- അദ്ധ്യാപകരുടെ നിരന്തര മേൽനോട്ടം
- വാട്ടർബോട്ടിലും പുസ്തകങ്ങളും കൈമാറരുത്
- ബെഞ്ചിൽ അകലം പാലിച്ച് ഇരിക്കണം
- വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരണം
- ഉച്ചഭക്ഷണ പദ്ധതി ഉണ്ടാവില്ല
വാക്സിൻ
സ്കൂൾ തുറുക്കുന്നതിന് മുമ്പ് മുഴുവൻ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കം വാക്സിൻ നൽകും. ഭൂരിഭാഗം അദ്ധ്യാപകരും രണ്ട് ഡോസും എടുത്തവരാണ്.
മാസ്ക്
- കുട്ടികൾക്കായി പ്രത്യേക മാസ്‌ക് തയ്യാറാക്കും. സ്‌കൂളുകളിലും മാസ്‌കുകൾ കരുതണം.
- അസ്വസ്ഥതയുള്ള കുട്ടികൾ മാസ്ക് എടുത്തു മാറ്റാതെ അദ്ധ്യാപകർ ശ്രദ്ധിക്കണം.
- സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കും.
അണുമുക്തം
ദിവസവും രാവിലെ ക്ളാസ് മുറികൾ അണുമുക്തമാക്കാൻ ആരോഗ്യ വകുപ്പിന്റെ ജീവനക്കാരെ നിയോഗിക്കണം. പുറത്തു നിന്നുള്ളവരെയോ, രക്ഷിതാക്കളെയോ സ്കൂളുകളിൽ കയറ്റില്ല.
സ്കൂളുകൾ :12981 കുട്ടികൾ 1-10 ......................... 37 ലക്ഷം +1,+2......................... 7.6 ലക്ഷം വി.എസ്.എസ്.സി..... 60,000