സിന്ധുവും മക്കളും കാത്തിരിക്കുകയാണ്, സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ

Sunday 19 September 2021 12:13 AM IST

തെങ്ങമം: തുവയൂരിൽ മുത്തൂറ്റ് ഗ്രൂപ്പ് പ്രളയ ബാധിതർക്കായി പണിതു നൽകുന്ന വീടിന്റെ ഗുണഭോക്താവാണ് മണ്ണടി കോട്ടൂർശ്ശേരിൽ സിന്ധു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിധവയാണ് മൂന്ന് മക്കളുടെ ഇൗ അമ്മ. ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ല. സിന്ധുവിന് മറ്റ് അഞ്ച് സഹോദരങ്ങൾ കൂടിയുണ്ട്. കുടുംബ സ്വത്തായി ആകെയുണ്ടായിരുന്നത് 10സെന്റ് ഭൂമി. രണ്ട് സഹോദരങ്ങൾക്ക് രണ്ട് സെന്റ് വീതം നൽകി. അവശേഷിക്കുന്നത് 6 സെന്റ്, സിന്ധുവിന്റെ അമ്മയും ജീവിച്ചിരിപ്പുണ്ട്. സ്വന്തമായി വസ്തുവില്ലാത്തതിനാൽ ലൈഫ് പദ്ധതിയും സിന്ധുവിനെ തുണച്ചില്ല. അപ്പൂപ്പന്റെ അനുജന്റെ പേരിലുള്ള ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. ഏഴ്, അഞ്ച്, ഒന്ന് വയസ്സുകളുള്ള പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഭീതിയോടെയാണ് ജീവിതം. മുൻ പഞ്ചായത്തംഗം ലീന മുൻകൈയെടുത്താണ് മുത്തൂറ്റ് ഗ്രൂപ്പ് നൽകുന്ന വീടിന്റെ ഗുണഭോക്തൃ ലിസ്റ്റിൽ സിന്ധു ഇടംപിടിച്ചത്. കടമ്പനാട് പഞ്ചായത്തിൽ നിന്ന് സിന്ധു മാത്രമാണ് ലിസ്റ്റിൽ ഉള്ളത്. പ്രതീക്ഷയോടെ വീടിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്പോൺസർഷിപ്പിൽ കിട്ടിയ വീട്ടിലെങ്കിലും താമസിക്കാൻ അനുവാദം നൽകണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്.

Advertisement
Advertisement