ദേശീയപാത 66: നഷ്ടപരിഹാരം നൽകിത്തുടങ്ങി

Sunday 19 September 2021 12:27 AM IST

പറവൂർ: ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ദേശീയപാത 66 റോഡ് നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം ആരംഭിച്ചു. ചേരാനല്ലൂർ വില്ലേജിലെ നാല് പേർക്കാണ് ആദ്യഘട്ടത്തിൽ പണം നൽകിയത്. എല്ലാവർക്കുമായി 6.70 കോടി രൂപയാണ് വിതരണം ചെയ്തത്. ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറി. ചേരാനല്ലൂർ പെട്രോൾ പമ്പിന് സമീപത്തുള്ള 4.89 ആർ സ്ഥലത്തിന് 3.56 കോടി രൂപ ലഭിച്ചു. സ്ഥലവില കൂടിയ ഇടപ്പള്ളി ഭാഗങ്ങളിൽ സെന്റിന് 40 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം. നിലവിൽ വളരെ കുറച്ച് ഭൂവുടമകൾ മാത്രമേ സ്ഥലം സംബന്ധിച്ച കൃത്യമായ രേഖകൾ നൽകിയിട്ടുള്ളൂ. ചേരാനല്ലൂർ വില്ലേജിലേക്കുള്ള 253 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാനായി ദേശീയപാത വികസന അതോറിറ്റി സർക്കാരിന് കൈമാറിയിട്ടുള്ളത്. ഇടപ്പള്ളി, വരാപ്പുഴ, പറവൂർ, വടക്കേക്കര വില്ലേജുകളിലേക്കുള്ള സ്ഥല ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ 518 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആലങ്ങാട്, കോട്ടുവള്ളി, മൂത്തകുന്നം വില്ലേജുകളിലെ ഭൂവുടമകൾക്കുള്ള തുക വൈകാതെ തന്നെ അനുവദിക്കും. ഭൂഉടമകൾ രേഖകൾ എത്രയും വേഗം കൈമാറണം. നൽകുന്ന രേഖകൾ കൃത്യമായാൽ പണം നൽകുന്നത് വേഗത്തിലാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.

Advertisement
Advertisement