ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Saturday 18 September 2021 11:35 PM IST

കൊല്ലം: ഗർഭിണിക്ക് മൂന്ന് സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാരിപ്പള്ളി കുളമട കല്ലുവാതുക്കൽ സ്വദേശി മിഥുന്റെ ഭാര്യ മീരയ്ക്കുണ്ടായ (23) ദുരനുഭവവുമായി ബന്ധപ്പെട്ട പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ്.എ.ടി എന്നീ ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. ഒടുവിൽ പാരിപ്പള്ളി മെഡി. ആശുപത്രിയിൽ യുവതി പ്രസവിച്ചെങ്കിലും കുഞ്ഞ് ദിവസങ്ങൾക്ക് മുൻപേ മരിച്ച അവസ്ഥയിലായിരുന്നു.

നെടുങ്ങോലെ താലൂക്ക് ആശുപത്രിയിലായിരുന്നു ഗർഭ ചികിത്സ നടത്തിയിരുന്നത്. വയറുവേദനയെ തുടർന്ന് ഈ മാസം 11 ന് പരവൂർ ആശുപത്രിയിലെത്തിയപ്പോൾ വിക്ടോറിയയിലേക്ക് റഫർ ചെയ്തു. കൂട്ടിരിക്കാൻ സ്ത്രീ ഇല്ലെന്ന പേരിൽ വിക്ടോറിയ ആശുപത്രി ചികിത്സ നിഷേധിച്ചു. തുടർന്ന് എസ്.എ.ടി അത്യാഹിത വിഭാഗത്തിലെത്തിയെങ്കിലും ഡോക്ടർ പരിശോധിക്കാൻ പോലും തയ്യാറായില്ല. പിന്നീട് അസ്വസ്ഥത രൂക്ഷമായതോടെ പാരിപ്പള്ളി മെഡി. ആശുപത്രിയിലെത്തി സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന് അനക്കമില്ലെന്ന് മനസിലായി. തുടർന്ന് യുവതി പ്രസവിച്ചെങ്കിലും അഞ്ചോ ആറോ ദിവസം മുമ്പ് കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പരാതി ശ്രദ്ധയിൽപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്നലെ മീരയുടെ ഭർത്താവ് മിഥുനെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. സംഭവം അന്വേഷിക്കാൻ മന്ത്രി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. മീരയുടെ ഭർത്താവ് ഇന്നലെ മുഖ്യമന്ത്രിക്കും പരാതി നൽകി.

വീഴ്ചയില്ലെന്ന് ആരോഗ്യ വകുപ്പ്

മീരയ്ക്ക് ബോധപൂർവം ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു. 11ന് വൈകിട്ട് 4 മണിക്ക് നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ വിക്ടോറിയയിലേക്ക് റഫർ ചെയ്തു. ആറ് മണിക്ക് വിക്ടോറിയിലെത്തി. പ്രസവം ഉടൻ നടക്കാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിൽ അവിടെ അഡ്മിറ്റ് ചെയ്തു. എന്നാൽ അമ്മയും മകളും എസ്.എ.ടിയിലാണെന്നും ഭർത്താവ് മാത്രമേ ഒപ്പമുള്ളുവെന്നും എസ്.എ.ടിയിലേക്ക് പോകണമെന്നും നിർബന്ധം പിടിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാൽ സ്വന്തം ഉത്തരവാദിത്വത്തിലാണ് പോകുന്നതെന്ന് ആശുപത്രിയിൽ എഴുതി നൽകിയ ശേഷം ഡിസ്ചാർജ്ജ് വാങ്ങി പോകുകയായിരുന്നു. ഇതിന്റെ രേഖകൾ സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഡി.എം. ഒ പറഞ്ഞു.

Advertisement
Advertisement