കൊല്ലം തുറമുഖത്തിന് ജീവൻ പകർന്ന് 'എം.വി ചൗഗ്ലേ 8'

Sunday 19 September 2021 12:33 AM IST
സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ തീരദേശ സർവീസ് കൊല്ലത്തേക്ക് നീട്ടുന്നതിന്റെ ഭാഗമായി കൊല്ലം തുറമുഖത്ത് എഫ്.സി.ഐക്കുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ ചൗഗ്ലേ 8 എന്ന കപ്പലിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കണ്ടയ്നർ ക്രയിൻ ഉപയോഗിച്ച് ഇറക്കുന്നു

ബേപ്പൂർ - ആഴീക്കൽ - കൊച്ചി തീരദേശ കപ്പൽ സർവീസ് കൊല്ലത്തേക്ക് നീണ്ടു

കൊല്ലം: ഏറെ നീളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം തുറമുഖത്തൊരു ചരക്കു കപ്പലെത്തി. എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായി കൊച്ചിയിൽ നിന്നു എം.വി ചൗഗ്ലേ 8 എന്ന കപ്പലാണ് ഇന്നലെ എത്തിയത്. രാവിലെ എട്ട് മണിയോടെ വന്ന കപ്പൽ 9ഓടെ തുറമുഖത്ത് അടുപ്പിച്ചു. ഇന്നലെ 13 കണ്ടെയ്നറുകൾ ഇറക്കി. ശേഷിക്കുന്നവ ഇന്നും നാളെയുമായി ഇറക്കി ലോറിയിൽ കൊല്ലം എഫ്.സി.ഐ ഗോഡൗണിലേക്ക് കൊണ്ടുപോകും.

മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ എന്ന തീരദേശക്കപ്പൽ സർവീസാണ് കൊല്ലം തുറമുഖത്തിന് പുതുജീവൻ പകർന്നത്. ആദ്യഘട്ടത്തിൽ കൊച്ചി, അഴീക്കൽ, ബേപ്പൂർ പോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സർവീസ് കൊല്ലത്തേക്ക് നീട്ടാനുള്ള ശ്രമമാണ് ഇന്നലെ യാഥാർത്ഥ്യമായത്.

തീരദേശ കപ്പൽ സർവ്വീസിന്റെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു, കൊല്ലം പോർട്ട് ഓഫീസർ എബ്രഹാം കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കപ്പലിനെ വരവേറ്റു. കണ്ടെയ്നറുകൾ പൂർണമായും ഇറക്കിയ ശേഷം നാളെ വൈകിട്ടോ ചൊവ്വാഴ്ച രാവിലെയോ കപ്പൽ കൊച്ചിയിലേക്ക് മടങ്ങും.

മാസത്തിൽ രണ്ട് തവണ എത്തിയേക്കും

കണ്ടെയ്നറുകൾ പൂർണമായും ഇറക്കിയ ശേഷം നാളെ വൈകിട്ടോ ചൊവ്വാഴ്ച രാവിലെയോ കപ്പൽ കൊച്ചിയിലേക്ക് മടങ്ങും. ചരക്കിന്റെ ലഭ്യതയനുസരിച്ച് ആദ്യഘട്ടത്തിൽ മാസം കുറഞ്ഞത് രണ്ട് തവണയെങ്കിലും കപ്പൽ കൊല്ലത്തെത്താൻ സാദ്ധ്യതയുണ്ട്. ദീപാവലി മുതൽ കൊല്ലം - കൊച്ചി സർവീസിനായി മാത്രം ഒരു കപ്പലെത്തിച്ച് ആഴ്ച തോറും കൊല്ലത്തേക്ക് ചരക്ക് എത്തിക്കാനും നീക്കമുണ്ട്.

Advertisement
Advertisement