ഐ.പി.എൽ ബൊണാൻസ

Sunday 19 September 2021 1:30 AM IST

ദുബായ്: ക്രിക്കറ്റ് പ്രേമികൾ ആവേശത്തിമിർപ്പിൽ...ഒരു പകലിനകലെ അറേബ്യൻ മണ്ണിൽ ഐ.പി.എൽ പതിന്നാലാം എഡിഷന് പുനരാരംഭം. പതിന്നാലാം എഡിഷനിലെ 29 മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്. പ്ലേ ഓഫും ഫൈനലുമുൾപ്പെടെ 31 മത്സരങ്ങൾക്കാണ് ഇനിയുള്ള ഒരുമാസക്കാലത്തോളം യു.എ.ഇ വേദിയാകുന്നത്.

അറേബ്യൻ നാട് തന്നെ വേദിയാകുന്ന ട്വന്റി-20 ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് താരങ്ങൾ ഐ.പി.എല്ലിന് പാഡ് കെട്ടുന്നത്.

ദുബായും അബുദാബിയും ഷാർജയും വേദിയാകുന്ന ഐ.പി.എല്ലിന്റെ ഫൈനൽ ഒക്ടോബർ 15നാണ്. ഔക്ടോബർ 17ന് തന്നെ യു.എ.ഇയും ഒമാനും വേദിയാകുന്ന ട്വന്റി-20 ലോകകപ്പിനും തുടക്കമാകും. ഒക്ടോബർ 17ന് ഗ്രൂപ്പ് തല മത്സരങ്ങൾ ആരംഭിക്കും.

ലീഡിംഗ് ഡൽഹി

ഏപ്രിൽ 7ന് ഇന്ത്യയിൽ തുടങ്ങിയ ഐ.പി.എൽ പതിന്നാലാം സീസൺ കൊവിഡ് വ്യാപനത്തെ തുടർന്ന് മേയ് ആദ്യം നിറുത്തിവയ്ക്കുമ്പോൾ എട്ട് കളികളിൽ നിന്ന് ആറ് ജയവുമായി 12പോയിന്റ് നേടിയ ഡൽഹി ക്യാപിറ്റൽസാണ് പോയിന്റ് ടേബിളിൽ മുന്നിലുള്ളത്. 7മത്സരങ്ങൾ കളിച്ച ചെന്നൈ 5ജയവുമായി 10 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഇത്രയും മത്സരങ്ങളിൽ നിന്ന് ഇതേ പോയിന്റ് തന്നെയുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മൂന്നാം സ്ഥാനത്തുമുണ്ട്. മുംബയ് ഇന്ത്യൻസ്(8)​,​ രാജസ്ഥാൻ റോയൽസ് (6),​ കിംഗ്സ് ഇലവൻ പഞ്ചാബ് (6)​,​കൊൽക്കത്ത നൈറ്റ് റെൈഡേഴ്സ് (4)​,​ സൺറൈസേഴ്സ് ഹൈദരാബാദ് (2)​ എന്നിങ്ങനെയാണ് യഥാക്രമം മറ്റുടീമുകളുടെ നില.

കാണികൾക്ക് പ്രവേശനം

യു.എ.ഇയിൽ സ്റ്റേഡിയത്തിന്റഎ ശേഷിക്കനുസരിച്ച് കണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. 2019ലെ ഐ.പി.എല്ലിലാണ് ഇതിന് മുമ്പ് കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നത്. 2020ലേയും 2021ലെ ആദ്യപകുതിയിലേേയും മത്സരങ്ങൾ നേരിട്ട് വീക്ഷിക്കാൻ കൊവിഡ് പ്രതിസന്ധികാരണം കാണികൾക്ക് വിലക്കുണ്ടായിരുന്നു.

ക്ലാസിക്ക് തുടക്കം

ചെന്നൈ സൂപ്പർ കിംഗ്സ് -മുംബയ് ഇന്ത്യൻസ് പോരാട്ടം രാത്രി 7.30മുതൽ

ഐ.പി.എ. കിരീടം കൂടുതൽ തവണ സ്വന്തമാക്കിയവരും ചിരവൈരികളുമായ മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് പതിനാലാം സീസസൺ പുനരാരംഭിക്കുമ്പോൾ ആദ്യം ഏറ്രമുട്ടുന്നത്. ദുബായിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം രാത്രി 7.30മുതലാണ് മത്സരം. നിലവിൽ പോയിന്റ് ടേബിളിൽ എം.എസ് ധോണിയുടെ ചെന്നൈ രണ്ടാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാരായ രോഹിത് ശർമ്മ നയിക്കുന്ന മുംബയ് ഇന്ത്യൻസ് നാലാമതും.

ആത്മവിശ്വാസത്തോടെ ധോണിപ്പട

2020ലെ ദുരന്ത സീസണിന് ശേഷം പതിന്നാലാം സീസണിൽ വിന്നിംഗ് കോമ്പിനേഷൻ കണ്ടെത്തിയതിന്റെ സന്തോഷത്തിലും ആത്മ വിശ്വാസത്തിലുമാണ് ധോണിപ്പട. യുവതാരങ്ങളായ സാം കറനും റുതുരാജ് ഗെയ്ക്വാദും ആദ്യ സീസണിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങൾ അവരുടെ മുന്നേറ്രത്തിൽ നിർണായകമായി.സ്പിൻ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുന്ന രവീന്ദ്ര ജഡജയും ഇമ്രാൻ താഹിറും മോയിൻ അലിയും തിളങ്ങിയിരുന്നു. ജഡേജയും മോയിനും ബാറ്രുകൊണ്ടും മിന്നലാട്ടം നടത്തി. തല ധോണിയും ചിന്നത്തല സുരേഷ് റെയ്നയും കൂടി ടച്ചിലായാൽ ചെന്നൈ ആദ്യ പകുതിയിലെ മികവ് തുടരുക തന്നെ ചെയ്യും. പരിക്കിൽ നിന്ന് ഭേദമായെങ്കിലും മുൻനിരയിലെ കരുത്തായ ഫാഫ് ഡുപ്ലെസിസിന്റെ ഫിറ്ര്‌നസ് ചോദ്യ ചിഹ്‌ന്നം തന്നെയാണ്. അദ്ദേഹം ഇന്ന് കളിക്കുമെന്നാണ് ടീംമാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്. ഡ്വെയിൻ ബ്രോവോയ്ക്കും പരിക്കുണ്ട്. സാം കറൻ 15നാണ് ദുബായിൽ എത്തിയത്. ക്വാറന്റൈൻ പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് ഇന്ന് കളിക്കാനാകുമോയെന്ന് ഉറപ്പില്ല. ഷർദ്ദുൽ താക്കൂറിന്റേ ഫോം ചെന്നൈയ്ക്ക് മുതൽക്കൂട്ടാണ്.

സാദ്ധ്യതാ ടീം:

റിതുരാജ്,​ മോയിൻ,​ റെയ്ന,​ റായിഡു,​ ജഡേജ,​ബ്രാവോ,​ ധോണി,​ഷർദ്ദുൾ,​ ചഹർ,​ താഹിർ,​എൻഗിഡി/ഹേസ്സൽവുഡ്.

മുന്നേറാൻ മുംബയ്

എന്നത്തേയും പോലെ പതിയെയാണ് മുംബയ് തുടങ്ങിയിരിക്കുന്നത്. പതിവ് പോലെ നിലപ്പട അവസാന പാാദത്തോടടുക്കുമ്പോൾ കൊട്ടിക്കയറുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇത്തവണ കളിച്ച ഏഴ് മത്സരങ്ങളിൽ നാലിലും തോറ്രെങ്കിലും തിരിച്ചുവരവിന്റെ രാജകുമാരൻമാരായ മുംബയ്‌യെ എഴുതി തള്ളാൻ ആരും തയ്യാറല്ല. മദ്ധ്യനിര ഇനിയും സെറ്റാകാനുണ്ട്. അതുപോലെ പവർപ്ലേയിൽ ബൗളിംഗും പഴയ മൂർച്ച കണ്ടെത്തണം. നായകൻ രോഹിത് ഇന്ത്യൻ ജേഴ്സിയിൽ മികച്ച ഫോമിലേക്ക് ഉയർന്നത് മുംബയ് ക്യാമ്പിന് നൽകുന്ന ആശ്വാസം ചില്ലറയല്ല.ജസ്പ്രീത് ബുംറ, സൂര്യകുമാർ, ഇഷാൻ, പൊള്ളാഡ്,,രാഹുൽ ചഹർ, ഹാർദ്ദിക് പാണ്ഡ്യ തുടങ്ങി ഒറ്രയ്ക്ക് കളിതിരിക്കാൻ കെൽപ്പുള്ള ഒരുപിടി താരങ്ങളുടെ സംഗമമാണ് മുംബയ്. ചെന്നൈയിൽ ലെഫ്‌റ്ര് ഹാൻഡേഴ്സ് കൂടുതൽ ഉള്ളതിനാൽ മുംബയ് സ്പിന്നർ ജയന്ത് യാദവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും.

സാദ്ധ്യതാ ടീം : രോഹിത്, ഡി കോക്ക്, സൂര്യകുമാർ, ഇഷാൻ, പൊള്ളാഡ്, ഹാർദ്ദിക്, ക്രുനാൽ, മിൽനെ/കോൾട്ടർ നിൽ, ജയന്ത്/രാഹുൽ, ബൗൾട്ട്, ബുംറ.

ടിവിലൈവ് : രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ.

ലൈവ് സ്ട്രീമിംഗ് ഹോട്ട്‌സ്റ്റാറിൽ

Advertisement
Advertisement