അക്കാര്യം മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പുമായും ആലോചിച്ചു, ക്ലാസുകള്‍ തുടങ്ങുക ഷിഫ്റ്റ് അടിസ്ഥാനത്തിലെന്നും മന്ത്രി ശിവൻകുട്ടി

Sunday 19 September 2021 11:42 AM IST

തിരുവനന്തപുരം: സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് സംസ്ഥാനത്ത് വിപുലമായ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ക്ലാസുകള്‍ ക്രമീകരിക്കുക എന്നുപറഞ്ഞ മന്ത്രി സ്കൂളുകളിലെ ക്ലാസുകൾക്കൊപ്പം സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കുമെന്നും വ്യക്തമാക്കി.

'പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ട്. അത്തരം ആശങ്കകള്‍ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂ. .ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചര്‍ച്ചകള്‍ നടത്തും. മാസ്‌ക്, സാനിട്ടൈസര്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട മുൻകരുതലുകളുടെ കാര്യത്തിലും വിശദമായ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക'- മന്ത്രി പറഞ്ഞു.

'നവംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറക്കുന്നതെങ്കിലും ഒക്ടോബര്‍ 15ന് മുന്‍പായി വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. അദ്ധ്യാപക സംഘടനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചന നടത്തിയശേഷമാണ് മുഖ്യമന്ത്രി സ്‌കൂള്‍ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.