കവിത/അവളൊടുക്കം

Sunday 19 September 2021 2:36 PM IST

വാക്കുകൾ

ഇക്കിളി പോലെ കാതിൽ

ഇടക്കതിൻ ആവേഗങ്ങൾ

നേർത്ത ശീലുകൾ പോലെ

കിന്നാരങ്ങൾ.

അന്നതിൻ താളങ്ങളിൽ

നേർത്തു നേർത്തില്ലാതാവും

മാത്രകളൊന്നിൽ

പൂത്ത നേരത്തെല്ലാം,

ശ്വാസവേഗങ്ങളിൽ

നമ്മളേഴുകടലുകൾക്കപ്പുറ

മുള്ളൊരാ മാണിക്യമൊക്കെ

തേടിയാവൃത്തിയിൽ ,

കോർത്ത മുത്തുകൾ

തീർത്തമാല്യങ്ങൾ ചാർത്തിയോ

രോർമയിൽ, ഞാനും നീയും.

ഞാനുറങ്ങില്ല

കാതിൽ നീ പെയ്യുന്നോരാ

നേരമത്രയും

പക്ഷെ,പേക്കനവുകൾ

മിന്നിപ്പോകുമന്നേരവും.

ഇന്നീ വാനവും ഭൂവും

നോക്കി നിൽക്കുന്നേരം,

പൂത്തു നിൽക്കുന്നോരാ

ചില്ലയിൽ കൂടു കൂട്ടുന്നു

ണ്ടന്തിക്കാക്കപോൽ

ദു:സ്വപ്നവും.

കൂട്ടിരിക്കുമീ കാലമൊക്കെയും

രാപ്പകൽ തീരുവോളവും

ചാരെയായ് ചേർന്നു

ചായുറങ്ങുവാൻ

നീ മടിക്കാതെയോമലെ.

തേഞ്ഞു തീരുമക്കാലവും

നമ്മളോർക്കുമപ്പോളതൊക്കെയും

തോട്ടുമീൻപോലെ പായുമാ

രുദിതസന്ദേഹമൊക്കെയും

പെയ്‌തൊഴിഞങ്ങു പോകട്ടെ

കാർമുകിൽക്കാലമൊക്കെയും

അന്നീ മാരിവില്ലിന്റെ വർണ്ണങ്ങൾ

പെയ്യുമാകാശമൊക്കെയും.

നീയുറങ്ങുകയോമലേ

ശാന്തമായ്, സൗമ്യമായുമേ.

Advertisement
Advertisement