കാർഷിക സർവ്വകലാശാല - ദേശീയപാത അതോറിറ്റി പോര് മുറുകി

Monday 20 September 2021 12:11 AM IST
പൊളിച്ചുമാറ്റേണ്ടി വരുന്ന പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ പ്രധാന കവാടം

കാസർകോട്: നഷ്ടപരിഹാരമോ ഏറ്റെടുക്കൽ രേഖയോ നൽകാതെ, ദേശീയപാത വികസനത്തിന്റെ പേരിൽ വടക്കൻ കേരളത്തിലെ നാല് കാർഷിക സ്ഥാപനങ്ങളുടെ ഭാഗം പൊളിക്കാനുള്ള നീക്കത്തെ തുടർന്ന് സ്വയംഭരണ സ്ഥാപനമായ കാർഷിക സർവ്വകലാശാലയും ദേശീയപാത അതോറിറ്റിയും തമ്മിൽ തുറന്ന പോര്. ഭൂമി ഏറ്റെടുക്കൽ രേഖയോ ഉത്തരവുകളോ ഇല്ലാതെ മരങ്ങൾ മുറിച്ചു മാറ്റാനും കെട്ടിടങ്ങൾ പൊളിക്കാനും എത്തിയ കരാറുകാരെ കാർഷിക സർവകലാശാല അധികൃതർ തിരിച്ചയച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവവികാസം.

നഷ്ടപരിഹാര തുക നൽകുകയോ എന്തെങ്കിലുമൊരു രേഖയോ ഇതുസംബന്ധിച്ച് ലഭിച്ചിട്ടില്ലെന്ന് മരംമുറിക്കാൻ എത്തിയവരെ അറിയിക്കുകയായിരുന്നു. സർക്കാർ സ്ഥലവും പുറമ്പോക്ക് സ്ഥലവുമാണ് ഏറ്റെടുക്കുന്നതെന്നും പണം നൽകില്ലെന്നുമാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. എന്നാൽ ഇത് കാർഷിക സർവ്വകലാശാല അധികൃതർ തള്ളുന്നു. തങ്ങൾ പണം നൽകി വാങ്ങിച്ച സ്ഥലം അടക്കമാണ് ഏറ്റെടുക്കുന്നതെന്നും സ്വകാര്യ വ്യക്തികൾക്ക് നൽകുന്ന അതേ നഷ്ടപരിഹാരം തങ്ങൾക്കും കിട്ടാൻ അർഹതയുണ്ടെന്നുമാണ് ഇവരുടെ വാദം. 2.6 കോടി രൂപയാണ് നഷ്ടപരിഹാരമായി കണക്കാക്കിയത്. തുടർ നിർമ്മാണ പ്രവൃത്തി കൂടിയുള്ളതിനാൽ ഇതിന്റെ രണ്ടര ഇരട്ടി കൂടി ചേർത്ത് ആറര കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കണമെന്നാണ് സർവകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്.

നഷ്ടമാകും നാലേക്കർ

സർക്കാർ 1972 ൽ കാർഷിക സർവ്വകലാശാലയ്ക്ക് കൈമാറിയ നീലേശ്വരം കരുവാച്ചേരി ഫാം, പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, 1994 ൽ പടന്നക്കാട് സ്ഥാപിച്ച കാർഷിക കോളേജ്, ഇൻസ്ട്രക്ഷണൽ ഫാം എന്നിവയുടെ ചുറ്റുമതിലും കെട്ടിടവും നടീൽവസ്തുക്കളും മരങ്ങളുമൊക്കെയാണ് ദേശീയപാത വികസനത്തിനു വേണ്ടി നീക്കേണ്ടത്. കാർഷിക കോളേജിന്റെ പ്രധാന ഗേറ്റും കോമ്പൗണ്ട് വാളും പുതിയത് പണിയാൻ മാത്രം 80 ലക്ഷം രൂപ ചിലവ് വരും. കോമ്പൗണ്ട് വാൾ ഇല്ലാതെ അടുത്ത മാസം കോളേജ് തുറന്നാൽ കുട്ടികളെ ഹോസ്റ്റലിൽ പാർപ്പിക്കുന്നത് ബുദ്ധിമുട്ടാകും. കാർഷിക കോളേജിന് മുന്നിൽ സ്ഥാപിച്ച എച്ച്.ടി പവ്വർ സ്റ്റേഷൻ മാറ്റി സ്ഥാപിക്കണം. ഇതിനായി കെ.എസ്.ഇ.ബിക്കോ മറ്റേതെങ്കിലും ഏജൻസിക്കോ നൽകേണ്ടത് 15 ലക്ഷം രൂപയാണ്. പിലിക്കോട് കേന്ദ്രത്തിന്റെ പ്രധാന ഗേറ്റും മതിലും ഇളനീർ പന്തലും സെക്യൂരിറ്റി കെട്ടിടവും മരങ്ങളും തെങ്ങുകളും നീക്കേണ്ടിവരും.

മണ്ണുത്തി മുതൽ വെള്ളാനിക്കര വരെ ദേശീയപാത വികസനത്തിന് ഏറ്റെടുത്ത സ്ഥലത്തിന് 49 കോടി രൂപ നൽകിയിരുന്നു. നീലേശ്വരത്ത് ടെലികോം വകുപ്പിന്റെ കോആക്സിയൽ സ്റ്റേഷൻ സ്ഥാപിക്കാൻ 1984 ൽ വിട്ടുകൊടുത്ത ഫാമിന്റെ സ്ഥലത്തിന് കൃത്യമായ തുക കേന്ദ്ര സർക്കാർ നൽകിയിരുന്നു. കാസർകോട് മാത്രമെന്താണ് വിചിത്രമായ നിലപാട്. ജില്ലാ ഭരണകൂടവും സ്ഥലം ഏറ്റെടുക്കൽ ഡെപ്യുട്ടി കളക്ടറും ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല.

(അധികൃതർ, കാർഷിക സർവ്വകലാശാല )

Advertisement
Advertisement