കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ വരുന്നു ബയോ മൈനിംഗ്

Monday 20 September 2021 12:00 AM IST

ഒരു മാസത്തിനുള്ളിൽ ആരംഭിക്കും,​ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി

കൊല്ലം: കുരീപ്പുഴ ചണ്ടിഡിപ്പോയിലെ പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാനുള്ള ബയോ മൈനിംഗ് ഒരു മാസത്തിനുള്ളിൽ ആരംഭിക്കും. ഡിപ്പോ പ്രദേശത്ത് ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യം ഇളക്കി വ്യത്യസ്ത അളവിലുള്ള കണ്ണികളുള്ള മൂന്ന് അരിപ്പകളിലൂടെ കടത്തിവിട്ട് അരിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യം വേർതിരിച്ചെടുക്കാം. ഇവ സംസ്കരണത്തിനായി തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിക്കടക്കം കൈമാറും. അരിക്കുന്നതിന് മുന്നോടിയായി മാലിന്യം ഇളക്കുമ്പോൾ വിഷവാതകങ്ങൾ ഉയരാനും ആളിക്കത്താനുമുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാൻ പ്രത്യേക ഇനോക്കുലം കലർത്തിയ വെള്ളം വൻതോതിൽ തെളിക്കും. മാലിന്യംകലർന്ന ജലം പിന്നീട് അഷ്ടമുടിക്കായലിലേക്ക് ഒഴുകാതിരിക്കാനുള്ള ക്രമീകരണങ്ങളുംസജ്ജമാക്കുകയാണ്. ഇതിനൊപ്പം അരിപ്പകൾ സ്ഥാപിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.


സിഗ്മ ഇന്റർനാഷണൽ

തമിഴ്നാട് ഈ റോഡ് ആസ്ഥാനമായുള്ള സിഗ്മ ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനി 11.85 കോടി രൂപയ്ക്കാണ് ബയോ മൈനിംഗിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഘനമീറ്റർ മാലിന്യം സംസ്കരിക്കാൻ 1247 രൂപയുടെ ടെണ്ടറാണ് സമർപ്പിച്ചത്. ഈ കമ്പനിയുമായി നഗരസഭാ അധികൃതർ നടത്തിയ വിലപേശലിൽ 1130 രൂപയ്ക്ക് നീക്കം ചെയ്യാമെന്ന് ധാരണയിലെത്തുകയായിരുന്നു.

ജി.പി.എസ് ഉപയോഗിച്ച് നിരീക്ഷണം

കുരീപ്പുഴയിൽ നിന്ന് വാഹനത്തിൽ കൊണ്ടുപോകുന്ന മാലിന്യം തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിൽ കൊണ്ടുപോകാതെ വഴിവക്കിൽ തള്ളുന്നുണ്ടോയെന്ന് നഗരസഭ ജി.പി.എസ് ഉപയോഗിച്ച് നിരീക്ഷിക്കും. സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മാലിന്യം കുന്നുകൂടി കിടക്കുന്ന പ്രദേശം താത്കാലികമായി കെട്ടിഅടയ്ക്കുന്നുണ്ട്.

കെട്ടിക്കിടക്കുന്നത് 1,​ 04, 906. 88 ഘനമീറ്റർ മാലിന്യം

ഒരു ഘന മീറ്റർ മാലിന്യം സംസ്കരിക്കാൻ: 1130 രൂപ

ആകെ ചെലവാകുന്ന തുക: 11.85 കോടി

മാലിന്യം കെട്ടിക്കിടക്കുന്നത്: 5.47 ഏക്കർ പ്രദേശത്ത്

Advertisement
Advertisement