സമാന്തര ടെലഫോൺ എക്സ്‌ചേഞ്ച്: പ്രതി അറസ്റ്റിൽ

Monday 20 September 2021 12:50 AM IST

പാലക്കാട്: സമാന്തര ടെലഫോൺ എക്സ്‌ചേഞ്ച് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് സിവിൽ സ്റ്റേഷനടുത്ത് പുത്തൻ പീടിയേക്കൽ വീട്ടിൽ മൊയ്തീൻ കോയയെ (63) ആണ് നല്ലളത്ത് നിന്ന് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്. സെപ്തംബർ 14ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറിയിലെ സമാന്തര ടെലഫോൺ എക്സ്‌ചേഞ്ച് പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.

മൊയ്തീൻ കോയ എട്ട് വർഷമായി മേട്ടുപ്പാളയം സ്ട്രീറ്റിൽ 'കീർത്തി ആയുർവേദിക്" എന്ന സ്ഥാപനം നടത്തുകയായിരുന്നു. സ്ഥാപനത്തിന്റെ പേരിൽ 200 സിം കാർഡുകളാണ് ഇയാൾ എടുത്തിട്ടുള്ളത്. ഇന്റർ നാഷണൽ ഫോൺകോളുകൾ എസ്.ടി.ഡി കോളുകളാക്കി സാമ്പത്തിക ലാഭമുണ്ടാക്കുകയാണ് ഇയാളുടെ രീതി. ബി.എസ്.എൻ.എൽ കോയ എന്നാണ് നാട്ടിലെ വിളിപ്പേര്.

മൊയ്തീൻ കോയയുടെ മകൻ ഷറഫുദ്ദീന് ചേവായൂർ പൊലീസ് സ്റ്റേഷനിലും, സഹോദരൻ ഷബീറിന് കോഴിക്കോട്ടും സമാന കുറ്റം ചെയ്തതിന് കേസുകൾ നിലവിലുണ്ട്. മൊയ്തീൻ കോയക്കെതിരെ രണ്ട് മാസം മുമ്പ് മലപ്പുറം പൊലീസ് കേസെടുത്തിരുന്നു.

Advertisement
Advertisement