ശബരിമല വിമാനത്താവളം: എതിർത്ത് ഡി.ജി.സി.എ

Sunday 19 September 2021 10:19 PM IST

സ്ഥലം അനുയോജ്യമല്ലെന്ന് കേന്ദ്രത്തിന് റിപ്പോർട്ട്

ന്യൂഡൽഹി : ശബരിമല വിമാനത്താവള പദ്ധതിയെ എതിർത്ത് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ. ) കേന്ദ്ര വ്യോമ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. ചെറുവള്ളി എസ്‌റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നും സ്ഥലത്തിന് റൺവേയ്‌ക്ക് ആവശ്യമായ നീളവും വീതിയും ഇല്ലെന്നും റിപ്പോർട്ടിലുണ്ട്.

150 കിലോമീറ്റർ പരിധിയിൽ ഒന്നിലേറെ ഗ്രീൻഫീൽഡ് എയർപോർട്ട് പാടില്ലെന്ന ചട്ടത്തിന് വിരുദ്ധമാകുമെന്നും അതിനാൽ അനുമതി നൽകരുതെന്നും നിർദ്ദേശിക്കുന്നു.

കേന്ദ്രമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെങ്കിലും ഡി.ജി.സി.എയുടെ എതിർപ്പ് കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടിയായി.

പദ്ധതിയെ അനുകൂലിച്ച് കേരളം വിശദമായ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. സംസ്ഥാന വ്യവസായ വികസന കോർപറേഷനും അമേരിക്കൻ കൺസൾട്ടൻസിയായ ലൂയി ബർഗറും ചേർന്ന് തയാറാക്കിയ ഈ റിപ്പോർട്ടിൽ വ്യോമമന്ത്രാലയം അഭിപ്രായം തേടിയിരുന്നു. ഇതിന് ഡി.ജി.സി.എ നൽകിയ റിപ്പോർട്ടിലാണ് എതിർ വാദങ്ങൾ.

ഡി. ജി. സി. എ വാദങ്ങൾ

റിപ്പോർട്ടിൽ ആരും ഒപ്പുവച്ചിട്ടില്ല. അതിനാൽ റിപ്പോർട്ടിലെ കണ്ടെത്തൽ വിശ്വസനീയമല്ല

കൊച്ചിയിൽ നിന്ന് 88 കിലോ മീറ്ററും തീരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും മാത്രമാണ് ദൂരം.

150 കിലോമീറ്റർ പരിധിയിൽ ഒന്നിലേറെ ഗ്രീൻഫീൽഡ് എയർപോർട്ട് പാടില്ല

അത് മറികടന്ന് വിമാനത്താവളം നിർമ്മിച്ചാൽ കൊച്ചി,​ തിരുവനന്തപുരം എയർപോർട്ടുകളിലെ എയർട്രാഫിക് പരിധിയിൽ വരും. അത് സർവ്വീസുകളെ പ്രതികൂലമായി ബാധിക്കും.

നിർദ്ദിഷ്‌ട 2,263 ഏക്കർ സ്ഥലം വിമാനത്താവള വികസനത്തിന് അനുയോജ്യമല്ല.

സ്ഥലത്തിന് റൺവേയ്‌ക്ക് ആവശ്യമായ വീതിയും നീളവുമില്ല.

അടുത്തുള്ള ജനവാസകേന്ദ്രങ്ങളെ വിമാനത്താവള നിർമ്മാണവും പ്രവർത്തനവും എങ്ങിനെ ബാധിക്കുമെന്ന് കേരളത്തിന്റെ റിപ്പോർട്ടിൽ ഇല്ല.

രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കും

മംഗാലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യം
കാറ്റിന്റെ ഗതി നോക്കിയാലും സ്ഥലം വിമാനത്താവളത്തിന് പറ്റിയതല്ല.

Advertisement
Advertisement