വാണിജ്യ സപ്താഹ് ആഘോഷത്തിന് ഇന്ന് തുടക്കം

Monday 20 September 2021 12:29 AM IST

കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന 'വാണിജ്യ സപ്താഹ്' വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. 26 വരെയാണ് സംസ്ഥാനത്തുടനീളം പരിപാടികൾ സംഘടിപ്പിക്കുന്നത്. എറണാകുളം മറൈൻ ഡ്രൈവിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ ഇന്നും നാളെയും നടക്കുന്ന വാണിജ്യ വ്യവസായ സഹമന്ത്രി സോം പർകാശ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖരും കേന്ദ്ര -സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ മേധാവികളും സ്വകാര്യ, പൊതുമേഖലാരംഗത്തെ സ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും പൗരപ്രമുഖരും അതിഥികളും പങ്കെടുക്കും. ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയിൽ കേരളത്തിന്റെ പ്രാധാന്യം എന്നതാണ് പരിപാടിയുടെ മുഖ്യവിഷയം.

തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലിൽ 24ന് സംഘടിപ്പിക്കുന്ന കയറ്റുമതിക്കാരുടെയും വ്യവസായികളുടെയും ഉച്ചകോടി കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സ്പീക്കർ എം.ബി. രാജേഷ് തുടങ്ങിയവർ മുഖ്യാതിഥികളാകും.

വാണിജ്യ, വ്യവസായ, കയറ്റുമതി മേഖലകളിൽ പുത്തൻ ഉണർവും ഊർജവും പകരുന്ന നൂതന പദ്ധതികളും ആശയങ്ങളും വാണിജ്യ ഉത്സവിൽ ചർച്ചയാകുമെന്ന് സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിമിലും സ്‌പൈസസ് ബോർഡ് ഉച്ചകോടി സംഘടിപ്പിക്കുന്നുണ്ട്.

വാണിജ്യ വ്യവസായ മന്ത്രാലയം, സ്‌പൈസസ് ബോർഡ്, കേരള സർക്കാർ, ഡയറക്ടർ ജനറൽ ഒഫ് ഫോറിൻ ട്രേഡ്, ജില്ലാ എക്‌സ്‌പോർട്ട് ഹബ്, കോൺഫിഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി തുടങ്ങിയവയുടെ സംയുക്ത നേതൃത്വത്തിലാണ് ആഘോഷം.

Advertisement
Advertisement